ജയ്പുര്‍: ജയ്പുരിലെ അമേര്‍ കൊട്ടാരത്തിലെ വാച്ച് ടവറിലെത്തിയ 11 പേര്‍ക്ക് ദാരുണാന്ത്യം. കനത്ത മഴയെ വകവെക്കാതെ സെല്‍ഫിയെടുക്കാനായി വന്നവരാണ് ദുരന്തത്തിനിരയായത്. 6 പേർ ഇടിമിന്നലേറ്റ് മരിച്ചു. ബാക്കിയുള്ളവർ ഭയന്ന് ടവറിൽ നിന്ന് ചാടിയതിനെ തുടർന്നുണ്ടായ പരിക്കുകളെത്തുടർന്നാണ് മരിച്ചതെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.
ഇന്നലെ വൈകിട്ടാണ് സംഭവമുണ്ടായത്. വലിയ ആള്‍ക്കൂട്ടമാണ് ദുരന്തസമയത്ത് വാച്ച് ടവറില്‍ ഉണ്ടായിരുന്നത്. ഇടിമിന്നലിനെ തുടര്‍ന്ന് പ്രാണരക്ഷാര്‍ഥം വാച്ച് ടവറില്‍ നിന്നും താഴേക്ക് ചാടി കാട്ടിനുള്ളിലേക്ക് വീണവരെ കണ്ടെത്താനായുള്ള ശ്രമങ്ങള്‍ തുടരുകയാണ്. 29 പേരെയാണ് കണ്ടെത്താനുള്ളത്. എത്രപേര്‍ താഴേക്ക് ചാടിയിട്ടുണ്ടെന്ന് വ്യക്തമല്ല.
മരിച്ചവരുടെ കുടുംബത്തിന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് 5 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. രാജസ്ഥാനിൽ കഴിഞ്ഞ രണ്ട് ദിവസമായി കനത്ത മഴയാണ്. തിങ്കളാഴ്ച അടക്കം സംസ്ഥാനത്തെമ്പാടും വ്യാപകമായി കനത്ത മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നത്.
വാച്ച്ടവർ ദുരന്തത്തിന് പുറമേ ഇടിമിന്നലേറ്റ് ഉത്തര്‍ പ്രദേശിലെയും രാജസ്ഥാനിലെയും വിവിധ ഭാഗങ്ങളില്‍ ഞായറാഴ്ച മാത്രം മരിച്ചത് 49 പേര്‍. ഉത്തര്‍ പ്രദേശില്‍ മാത്രം 30 പേരാണ് മരിച്ചത്. പ്രയാഗ് രാജില്‍ 14 പേര്‍, കാണ്‍പൂര്‍ ദേഹത് – ഒമ്പത്, കൗഷാമ്ബി – നാല് എന്നിങ്ങനെയാണ് ഉത്തര്‍ പ്രദേശില്‍ മിന്നലേറ്റ് മരിച്ചവരുടെ എണ്ണം. രാജസ്ഥാനില്‍ ജയ്പൂരില്‍ 11 പേരാണ് മരിച്ചത്. തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ഞായറാഴ്ചയാണ് ജയ്പൂര്‍, ധോല്‍പൂര്‍, കോട്ട ജില്ലകളിലെത്തിയത്.
ഗാസിപൂര്‍, ഫിറോസാബാദ്, ബല്ലിയ ജില്ലകളില്‍ മുങ്ങി മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
Discussion about this post