പാലക്കാട്: വാളയാർ കേസിൽ സിബിഐ സംഘം കുട്ടികളുടെ അമ്മയിൽ നിന്ന് വിശദമായ മൊഴിയെടുത്തു. കേസിലെ 2 സാക്ഷികളുടെ മൊഴിയും രേഖപ്പെടുത്തി. മൊഴിയെടുപ്പു തുടരാൻ രക്ഷിതാക്കളെ ഇന്നു സിബിഐയുടെ പാലക്കാട്ടെ ക്യാംപ് ഓഫിസിലേക്കും വിളിച്ചിട്ടുണ്ട്.
സിബിഐ പാലക്കാട്ട് ക്യാംപ് ആരംഭിച്ചതിനാൽ ഇനി അന്വേഷണം സജീവമാകുമെന്നാണ് വിവരം. പെൺകുട്ടികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ ഷെഡിന്റെ പൂർണ സ്കെച്ച് സിബിഐ അന്വേഷണത്തിന്റെ ഭാഗമായി തയ്യാറാക്കുന്നതായാണ് വിവരം. അന്നുണ്ടായിരുന്ന വസ്തുക്കൾ ഓരോന്നും പുനരാവിഷ്കരിച്ചാണ് സ്കെച്ച് തയാറാക്കുന്നത്. കുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തിയ കഴുക്കോൽ ഷെഡിന് അകത്തുണ്ടായിരുന്ന കട്ടിൽ, കസേര, തുണികൾ എന്നിവ ഉൾപ്പെടെ ഇന്നലെയെത്തിയ അന്വേഷണസംഘം കൃത്യമായി അടയാളപ്പെടുത്തി. സംഭവം നടന്ന ഉടൻ സ്ഥലത്തെത്തിയ സാക്ഷികളിൽ നിന്നും സിബിഐ സംഘം കൂടുതൽ വിവരങ്ങൾ ചോദിച്ചറിഞ്ഞു.
തിരുവനന്തപുരം സിബിഐ യൂണിറ്റ് ക്രൈം സ്പെഷൽ സെൽ എസ്പി: സി.ബി. രാമദേവന്റെ നേതൃത്വത്തിലുള്ള സംഘമാണ് വീട്ടിലെത്തി മൊഴി രേഖപ്പെടുത്തിയത്. ഡിവൈഎസ്പി ടി.പി. അനന്തകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണു കേസ് അന്വേഷിക്കുന്നത്.
Discussion about this post