കൊച്ചി: കേരളം വിട്ടതോടെ കിറ്റെക്സിന്റെ നല്ല കാലം തുടരുന്നു. ബുധനാഴ്ചയും ‘അപ്പർ സർക്യൂട്ട് രേഖപ്പെടുത്തിയ ഓഹരി 10 ശതമാനം വർധനയോടെ 204.05 രൂപയിലെത്തി. മൂന്നു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വിലയാണ് ഇത്.
ഒരാഴ്ച കൊണ്ട് 85 ശതമാനത്തിലേറെ നേട്ടമാണ് ഓഹരി വിലയിൽ ഉണ്ടായത്. 110.05 രൂപയിൽനിന്ന് 204.05 രൂപയിലേക്ക്. ഇതോടെ, കമ്പനിയുടെ വിപണിമൂല്യം 732 കോടി രൂപയിൽനിന്ന് 1,357 കോടി രൂപയായി. കമ്പനിയുടെ 55.57 ശതമാനം ഓഹരികളും കൈയാളുന്ന മാനേജിങ് ഡയറക്ടർ സാബു ജേക്കബ് ഉൾപ്പെടെയുള്ള പ്രൊമോട്ടർ ഗ്രൂപ്പിനാണ് ഇതിൽ 347 കോടിയുടെയും നേട്ടം.
സാബു ജേക്കബിന്റെ ഓഹരിയുടെ മൊത്തം മൂല്യം 754 കോടി രൂപയായാണ് ഉയർന്നിരിക്കുന്നത്. അഞ്ച് വ്യാപാര ദിനങ്ങൾ കൊണ്ട് 625 കോടി രൂപയുടെ നേട്ടമാണ് കമ്പനി സ്വന്തമാക്കിയിരിക്കുന്നത്.
Discussion about this post