തിരുവനന്തപുരം: സംസ്ഥാനത്ത് അരികടത്തലും അഴിമതിയും വ്യാപകമാകുന്നതായി റിപ്പോർട്ട്. സിവിൽ സപ്ലൈസിന്റേതുൾപ്പെടെ ഗോഡൗണുകളിൽ നിന്ന് പ്രതിമാസം ടൺ കണക്കിന് റേഷൻ അരി കടത്തിക്കൊണ്ടുപോകുന്നതായാണ് ഭക്ഷ്യവകുപ്പിന്റെ വിജിലൻസ് വിഭാഗം കണ്ടെത്തിയിരിക്കുന്നത്. റേഷൻ അരി സ്വകാര്യ ഗോഡൗണുകളിലേക്ക് കടത്തിയ ശേഷം ഭക്ഷ്യസുരക്ഷ ഗോഡൗണുകളിലെ ഉപയോഗശൂന്യമായ അരി ചാക്കുകളിൽ നിറച്ച് കുത്തിക്കെട്ടി റേഷൻ കടകളിൽ എത്തിക്കുന്നതായും സൂചനയുണ്ട്.
ആക്ഷേപങ്ങളെ തുടർന്ന് വിജിലൻസ് വിഭാഗം വലിയതുറ ഗോഡൗണിലെ അഞ്ച് ലോഡ് അരി പരിശോധിച്ചപ്പോൾ 100 ചാക്കോളം ഉപയോഗശൂന്യമാണെന്ന് കണ്ടെത്തിയിരുന്നു. ഇത്തരം അഴിമതികൾ നിർബാധം തുടരുന്നതായാണ് വിവരം. നേരത്തെ പൊലീസ് നടത്തിയ പരിശോധനകളിൽ സ്വകാര്യഗോഡൗണുകളിൽ നിന്ന് റേഷൻ അരി കണ്ടെത്തിയ നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അപ്പോഴൊക്കെ സ്വകാര്യ ഗോഡൗണുകാരെ രക്ഷിക്കുന്നതിന് ചില ഉദ്യോഗസ്ഥർ നേരിട്ട് രംഗത്തിറങ്ങിയ സംഭവങ്ങൾ വാർത്തയായിരുന്നു. പൊലീസ് പിടികൂടിയത് റേഷൻ അരി അല്ലെന്ന് റിപ്പോർട്ട് നൽകിയാണ് ഇവർ അഴിമതിക്ക് മറ പിടിക്കുന്നത്.
അരി കടത്തൽ വിവാദങ്ങൾക്കിടെ തിരുവനന്തപുരം സപ്ലൈ ഓഫീസർ ജലജ റാണിയെ കോട്ടയത്തേക്ക് സ്ഥലം മാറ്റിയ സംഭവവും വിവാദമാകുകയാണ്. അന്വേഷണത്തിൽ നിന്നും ഇവരെ സംരക്ഷിക്കാനാണ് നടപടി എന്ന് ഒരു വിഭാഗം ആരോപിക്കുമ്പോൾ മൂന്നു വർഷം കൂടുമ്പോഴുള്ള സ്വാഭാവിക സ്ഥലം മാറ്റം മാത്രമാണിതെന്നാണ് ഔദ്യോഗിക വിശദീകരണം.













Discussion about this post