വിയന്ന: ഓസ്ട്രിയയിലെ യുഎസ് എംബസി ഉദ്യോഗസ്ഥരില്‍ ‘ഹവാന സിന്‍ഡ്രം’ എന്ന നിഗൂഢ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയതായുള്ള റിപ്പോര്‍ട്ടുകളില്‍ വിഷയം ഗൗരവമായി കാണുന്നതായും ആതിഥേയ രാജ്യമെന്ന നിലയില്‍ യുഎസ് അധികൃതര്‍ക്കൊപ്പം സംയുക്തപരിഹാരം കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും, അന്വേഷണം നടത്തുമെന്നും ഫെഡറല്‍ മിനിസ്ട്രി ഓഫ് യൂറോപ്യന്‍ ആന്‍ഡ് ഇന്റര്‍നാഷണല്‍ അഫയേഴ്‌സ് ഞായറാഴ്ച വ്യക്തമാക്കി.
ഓസ്ട്രിയയിലേക്ക് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥരുടേയും കുടുംബങ്ങളുടേയും സുരക്ഷയ്ക്കാണ് തങ്ങളുടെ പ്രാഥമിക പരിഗണനയെന്നും, വിയന്നയിലെ യുഎസ് എംബസി ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടുള്ള ആരോഗ്യപ്രശ്‌നങ്ങളെ സംബന്ധിച്ച് ലഭിച്ച റിപ്പോര്‍ട്ടുകളില്‍ കാര്യക്ഷമമായ അന്വേഷണം ഉറപ്പാക്കുമെന്നും യുഎസ് വക്താവ് വ്യക്തമാക്കി.
വിദേശരാജ്യങ്ങളില്‍ പ്രത്യേകിച്ച് ക്യൂബ, ചൈന തുടങ്ങിയ രാജ്യങ്ങളിലെ യുഎസ് നയതന്ത്ര ഉദ്യോഗസ്ഥരില്‍ ഹവാന സിന്‍ഡ്രം ബാധിക്കുന്നതായി നേരത്തെ തിരിച്ചറിഞ്ഞിരുന്നു. 2016-ല്‍ ക്യൂബന്‍ തലസ്ഥാനമായ ഹവാനയിലെ യുഎസ് എംബസി ഉദ്യോഗസ്ഥരില്‍ രോഗം ആദ്യം തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണ് അജ്ഞാതരോഗത്തിന് ഹവാന സിന്‍ഡ്രം എന്ന പേര് നല്‍കിയത്. തലചുറ്റല്‍, തലവേദന, കേള്‍വിക്കുറവ്, ഓര്‍മശക്തിക്കുണ്ടാകുന്ന പിഴവ് തുടങ്ങി മാനസിക നില തകരാറിലാക്കുന്ന വിവിധ ലക്ഷണങ്ങളാണ് ഹവാന സിന്‍ഡ്രൊമിനുള്ളത്.
ലക്ഷണങ്ങള്‍ തീവ്രമാകുന്നതോടെ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാതെ പല ഉദ്യോഗസ്ഥരും ജോലിയില്‍ നിന്ന് സ്വമേധയാ വിരമിക്കുകയും ചെയ്തു. യുഎസിന്റെ നയതന്ത്രഉദ്യോഗസ്ഥര്‍, ചാരന്‍മാര്‍, സൈനിക ഉദ്യോഗസ്ഥര്‍ തുടങ്ങിയവരിലാണ് രോഗ ലക്ഷണങ്ങള്‍ കാണപ്പെടുന്നത്. റഷ്യയിലെ യുഎസ് ഉദ്യോഗസ്ഥര്‍ക്കും പിന്നീട് വൈറ്റ് ഹൗസിലെ ചില ഉദ്യോഗസ്ഥര്‍ക്കും ഹവാന സിന്‍ഡ്രം പിടിപെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. റഷ്യക്കെതിരെയുള്ള നീക്കങ്ങളില്‍ പങ്കാളികളാവുന്ന ഉദ്യോഗസ്ഥരിലാണ് രോഗലക്ഷണങ്ങള്‍ കണ്ടു വരുന്നതെന്ന കാര്യം ശ്രദ്ധയില്‍ പെട്ടതോടെ റഷ്യന്‍ ഗൂഢാലോചനയാണ് ഇതിന് പിന്നിലെന്ന സംശയം ശക്തമായി.
ഹവാന സിന്‍ഡ്രോമിന് പിന്നില്‍ കൃത്യമായ ആവൃത്തിയില്‍ പുറപ്പെടുവിക്കുന്ന വൈദ്യുത കാന്ത തരംഗങ്ങളാണെന്ന് പഠന റിപ്പോര്‍ട്ട് നാഷണല്‍ അക്കാഡമിക്‌സ് ഓഫ് സയന്‍സസ്, എന്‍ജിനീയറിങ് ആന്‍ഡ് മെഡിസിന്‍ 2002 ഡിസംബറില്‍ സമര്‍പ്പിച്ചിരുന്നു. 19 വിദഗ്ധരടങ്ങിയ സംഘത്തിന്റെ പഠനറിപ്പോര്‍ട്ടില്‍ സൂക്ഷ്മതരംഗങ്ങള്‍ പ്രയോഗിച്ചാണ് ഉദ്യോഗസ്ഥരില്‍ ശാരീരികാസ്ഥ്യങ്ങള്‍ സൃഷ്ടിക്കുന്നതെന്ന് വിശദീകരിച്ചിരുന്നു. സമര്‍ഥരായ ഉദ്യോഗസ്ഥരില്‍ പലരും അജ്ഞാതരോഗത്തിനിരയാവുന്നത് യുഎസിന്റെ നയതന്ത്രപദ്ധതികളെ തെല്ലൊന്നുമല്ല ബാധിച്ചത്.
Discussion about this post