സംവിധായകൻ മണിരത്നത്തിന്റെ സ്വപ്ന സിനിമയായ ‘പൊന്നിയൻ സെൽവൻ’ പുറത്തിറങ്ങാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് സിനിമ ലോകം. ചിത്രം അടുത്തവർഷം പ്രേക്ഷകരിലേക്കെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ബിഗ്ബജറ്റ് ചിത്രത്തിനായി ആരാധകർ കാത്തിരിക്കാനുള്ള മറ്റൊരു കാരണം ഐശ്വര്യ റായ്യാണ്. 2018ൽ അവസാനമായി വെള്ളിത്തിരയിലെത്തിയ ഐശ്വര്യ പൊന്നിയൻ സെൽവനിലൂടെ മടങ്ങി വരികയാണ്. വൻ മുടക്കുമുതലിൽ ചിത്രീകരിക്കുന്ന പൊന്നിയൻ സെൽവൻ രണ്ട് ഭാഗങ്ങളായാകും പുറത്തിറങ്ങുക. പെന്നിയൻ സെൽവൻ-1 പോസ്റ്റർ ഐശ്വര്യ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു. സിനിമയുടെ ടൈറ്റിൽ സൂചിപ്പിക്കുന്ന വിധം സ്വർണ നിറത്തിലുള്ള വാളും പരിചയും ഗർജിക്കുന്ന സുവർണ കടുവയുമാണ് പോസ്റ്ററിൽ കാണുന്നത്.
വിക്രം, കാർത്തി, ജയം രവി, തൃഷ, മോഹൻ ബാബു എന്നിങ്ങനെ വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ഐശ്വര്യയുടെ മടങ്ങി വരവ് ആഘോഷമാക്കിയിരിക്കുകയാണ് ആരാധകർ. നിരവധി ആരാധകരാണ് താരത്തിന്‍റെ പോസ്റ്റിന് കീഴിൽ കമന്‍റുകളുമായി എത്തിയത്.
ചിത്രത്തിന്‍റെ ഭൂരിഭാഗവും തായ്ലൻഡിലും ഹൈദരാബാദിലുമായി ചിത്രീകരിച്ച് കഴിഞ്ഞു. ബാക്കി ഭാഗം ഷൂട്ടിങ് കഴിഞ്ഞ ആഴ്ച പുതുച്ചേരിയിൽ തുടങ്ങിയതായാണ് റിപ്പോർട്ട്.
കൽക്കി കൃഷ്ണമൂർത്തിയുടെ ‘പൊന്നിയൻ സെൽവൻ’ എന്ന തമിഴ് നോവലിനെ അടിസ്ഥാനമാക്കിയാണ് മണിരത്നം ചിത്രമൊരുക്കുന്നത്. മണിരത്നവും ബി. ജയമോഹനും ചേർന്നാണ് തിരക്കഥ. ജയമോഹനാണ് സംഭാഷണം രചിച്ചത്. ചോളസാമ്രാജ്യത്തിലെ രാജാവായിരുന്ന അരുള്‍മൊഴിവർമനെ (രാജരാജ ചോളന്‍ ഒന്നാമന്‍) കുറിച്ചുള്ളതാണ് ഈ കൃതി. മണിരത്നത്തിന്റെ തന്നെ മദ്രാസ് ടാക്കീസും ലൈക്ക പ്രെഡക്ഷൻസുമാണ് നിർമാണം. എ.ആർ റഹ്മാനാണ് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നത്.
Discussion about this post