കണ്ണൂര്‍: കരിപ്പുര്‍ സ്വര്‍ണ്ണക്കടത്ത് കേസില്‍ അറസ്റ്റിലായ അര്‍ജുന്‍ ആയങ്കിയുടെ സുഹൃത്ത് മൂന്നുനിരത്തു സ്വദേശി റമീസ് വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. ഇന്നലെ അര്‍ധരാത്രി അഴീക്കോട് ആണ് റമീസ് സഞ്ചരിച്ച ബൈക്കും മറ്റൊരു കാറും കൂട്ടിയിടിച്ചത്. ഗുരുതരമായി പരിക്കേറ്റ റമീസിനെ ആശുപത്രിയിലെത്തിച്ചെങ്കിലും വൈകാതെ മരിച്ചു.
അര്‍ജുന്‍ ആയങ്കിയുടെ ക്വട്ടേഷന്‍ സംഘത്തില്‍ പ്രവര്‍ത്തിച്ചിരുന്ന റമീസിനെ സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നേരത്തെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. സ്വര്‍ണ്ണക്കടത്ത് കേസില്‍ അര്‍ജുന്‍ ആയങ്കിയ്‌ക്കൊപ്പം തന്നെ റമീസിനും ബന്ധമുണ്ട് എന്ന സംശയത്തെ തുടര്‍ന്ന് ഇയാളുടെ വീട്ടില്‍ കസ്റ്റംസ് റെയ്ഡ് നടത്തിയിരുന്നു. അര്‍ജുന്‍ ആയങ്കിയുടെ അടുത്ത സുഹൃത്തായിരുന്നു റമീസ്. ഇതിനു ശേഷം വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ റമീസിന് കസ്റ്റംസ് നോട്ടീസ് നല്‍കിയിരുന്നു. ഇതിനാല്‍ വാഹനാപകടം ദുരൂഹമാണെന്നാണ് കസ്റ്റംസ് കരുതുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് കസ്റ്റംസ് തയാറെടുക്കുകയായിരുന്നു.
സ്വര്‍ണക്കടത്തില്‍ അര്‍ജുന്റെ പങ്ക് സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ നല്‍കാന്‍ കഴിയുമായിരുന്ന വ്യക്തിയാണ് റമീസ്. മാതാവിനെ ബന്ധുവീട്ടിലാക്കി തിരിച്ചു വരുമ്പോഴായിരുന്നു അപകടമെന്നാണ് ലഭിക്കുന്ന വിവരം.
Discussion about this post