ചെറുവത്തൂർ: ’ദേശീയപാതാ വികസനത്തിന് ഭൂമിയേറ്റെടുക്കുമ്പോൾ ആരാധനാലയങ്ങളെ ബാധിച്ചാൽ ദൈവം പൊറുക്കു’മെന്ന ഹൈക്കോടതി പരാമർശത്തിന്റെ അന്തസ്സത്ത നേരത്തേ തിരിച്ചറിഞ്ഞ് ചെറുവത്തൂർ കൊവ്വൽ അഴിവാതുക്കൽ ക്ഷേത്രക്കമ്മിറ്റി. ദേശീയപാത 66-ന്റെ വികസനത്തിന് അധികൃതർ സ്ഥലം അളന്ന് തിട്ടപ്പെടുത്തി കല്ലിട്ടപ്പോൾ തടസ്സവാദങ്ങളും ഒഴിവുകഴിവുകളും നിരത്തി എതിർക്കാതെ ക്ഷേത്രമിരിക്കുന്ന സ്ഥലം വിട്ടു നൽകി ക്ഷേത്രം മാറ്റിപ്പണിയാനാണ് നാട്ടുകാർ ശ്രമിച്ചത്. തന്ത്രിയുമായി ആലോചിച്ച് സമിതിയുണ്ടാക്കി ഇതിനുള്ള പ്രവർത്തനവും തുടങ്ങി.
ഇതിന്റെ ഭാഗമായി ആദിക്ഷേത്രത്തിലെ ദേവചൈതന്യം ആവാഹിച്ച് ബാലാലയത്തിൽ പ്രതിഷ്ഠിച്ചു. ജൂലായ് 13, 14, 15 തീയതികളിലായി ക്ഷേത്രം തന്ത്രി നെല്ലിയോട്ട് വിഷ്ണു നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിലാണ് ബാലാലയപ്രതിഷ്ഠ നടന്നത്. പുതിയ ക്ഷേത്രം പണിത് പുനഃപ്രതിഷ്ഠ നടക്കുന്നതുവരെ ബാലാലയത്തിൽ ആരാധന തുടരും.
അള്ളട ദേശത്ത് ചെറുവത്തൂരിടത്തെ ആദിക്ഷേത്രമാണിത്. ദേശാധികാരമുണ്ടായിരുന്ന കൊക്കിനി തറവാട്ടുകാർ പണിത ക്ഷേത്രം പിന്നീട് നാട്ടുകാരേറ്റെടുത്ത് പരിപാലിച്ചു. തുലാം 14 മുതൽ 17 വരെയാണ് ഒറ്റക്കോല ഉത്സവം. വിഷ്ണുമൂർത്തിയുടെ അഗ്നിപ്രവേശമാണ് പ്രധാനം. വി.വി.ഗംഗാധരൻ പ്രസിഡന്റും രതീഷ് ചക്രപുരം സെക്രട്ടറിയും ചന്ദ്രൻ കലിയന്തിൽ ട്രഷററുമായ സമിതിയാണ് പുതിയ ക്ഷേത്രം പണിയുന്നതിന് നേതൃത്വം നൽകുന്നത്.
”ലോകത്തോടൊപ്പം നടക്കണമെന്നാണ് ഋഷീശ്വരന്മാർ പറഞ്ഞിട്ടുള്ളത്. ദൈവം ലോകമാകെ നിറഞ്ഞുനിൽക്കുന്ന ചൈതന്യമാണ്. നമുക്ക് ആരാധിക്കാനുള്ള സൗകര്യത്തിനാണ് ക്ഷേത്രങ്ങൾ പണിയുന്നത്. ഒരു വ്യക്തിയുടെയോ ഗ്രാമത്തിന്റെയോ ആവശ്യത്തിനല്ല ക്ഷേത്രം മാറ്റിസ്ഥാപിക്കുന്നത്. രാജപാതയൊരുക്കാനാണ്. അവിടെ മാനുഷിക പരിഗണനയ്ക്കപ്പുറം രാജ്യതാത്പര്യത്തിനാണ് പ്രാമുഖ്യം”- ക്ഷേത്രം തന്ത്രി നെല്ലിയോട്ട് വിഷ്ണു നമ്പൂതിരിപ്പാട്പറഞ്ഞു.
Discussion about this post