മലയിൻകീഴ് : വിളപ്പിൽശാലയിൽ കടബാധ്യത താങ്ങാനാവാതെ യുവ ക്ഷീരകർഷകൻ ആത്മഹത്യ ചെയ്തു. വിളപ്പിൽശാല ചൊവ്വള്ളൂർ മരയ്ക്കാട്ടുകോണം അഭിലാഷ് ഭവനിൽ ശ്രീകാന്തിനെ ( അഭിലാഷ് –36) ആണ് പണി പൂർത്തിയാകാത്ത വീടിന്റെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്. വായ്പ എടുത്തും പലരിൽ നിന്ന് കടം വാങ്ങിയുമാണ് ഇദ്ദേഹം പശുക്കളെ സ്വന്തമാക്കി ജീവനോപാധിയായി പരിപാലിച്ചിരുന്നത്. ഇതിനിടെ രോഗം ബാധിച്ച് അഞ്ചോളം പശുക്കൾ പലപ്പോഴായി ചത്തത് തിരിച്ചടിയായി. ഇവയ്ക്ക് ഇൻഷുറൻസ് ചെയ്തിരുന്നില്ല. 3 പശുക്കളാണ് ശേഷിക്കുന്നത്. നാട്ടിലെ വീടുകളിൽ പശുക്കളുടെ പാൽ കറക്കാൻ പോയിരുന്നെങ്കിലും കോവിഡ് വന്നതോടെ മുടങ്ങി.
പലരും പ്രതിസന്ധികാരണം പശുക്കളെ വിറ്റതിലൂടെ ശ്രീകാന്തിനു ജോലി നഷ്ടമായി. പാട്ടത്തിന് ഭൂമിയെടുത്ത് മരച്ചീനി, വാഴ, പച്ചക്കറി എന്നിവ കൃഷി ചെയ്തിരുന്നെങ്കിലും മഴയിൽ വൻനാശനഷ്ടം ആണ് നേരിടേണ്ടി വന്നത്. കാരോട് ക്ഷീരസംഘത്തിലെ പശുക്കളെ പരിപാലിച്ചു കിട്ടുന്ന വരുമാനം കൊണ്ടാണ് പിടിച്ചു നിന്നത്. വീട് വയ്ക്കാൻ എടുത്ത വായ്പ തിരിച്ചടവ് മുടങ്ങി. 10 ലക്ഷത്തിലേറെ രൂപയുടെ ബാധ്യത ഉള്ളതായി ബന്ധുക്കൾ സംശയിക്കുന്നു.
2 കിടപ്പുമുറിയും ഹാളും അടുക്കളയും മാത്രമുള്ള പണി പൂർത്തിയാകാത്ത വീട്ടിൽ കഴിഞ്ഞ 11ന് ആണ് ശ്രീകാന്തും കുടുംബവും താമസം തുടങ്ങിയത്. വാടക വീട്ടിലായിരുന്നു അതുവരെ താമസം. എന്നാൽ വാടക കൊടുക്കാൻ നിവൃത്തിയില്ലാതെ വന്നതോടെ പകുതി പണി പോലും തീരാത്ത പുതിയ വീട്ടിലേക്ക് താമസം മാറി. ബന്ധുക്കൾ മാത്രമുള്ള ചെറിയ ഗൃഹപ്രവേശനച്ചടങ്ങ്. കൃത്യം രണ്ടാഴ്ച പിന്നിട്ട കഴിഞ്ഞ ഞായറാഴ്ച പകൽ അതേ വീട്ടിലെ കിടപ്പുമുറിയിൽ ശ്രീകാന്ത് ജീവനൊടുക്കി. ബാങ്കിൽ നിന്ന് വായ്പ എടുത്തും കടം വാങ്ങിയുമാണ് ചെറുതെങ്കിലും ഒരു വീടു വയ്ക്കാൻ ശ്രീകാന്ത് മുന്നിട്ടിറങ്ങിയത്.
Discussion about this post