തിരുവനന്തപുരം: കേരളകോണ്‍ഗ്രസ് (ബി) മുന്‍ ചെയര്‍മാനും മുന്‍മന്ത്രിയുമായ അന്തരിച്ച ആര്‍. ബാലകൃഷ്ണപിള്ള തയ്യാറാക്കിയ വില്‍പ്പത്രം അസാധുവാക്കണമെന്നാവശ്യപ്പെട്ട് മൂത്ത മകള്‍ ഉഷാ മോഹന്‍ദാസ് കൊട്ടാരക്കര സബ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. വില്‍പ്പത്രത്തിലെ വസ്തുക്കള്‍ പോക്കുവരവ് ചെയ്യുന്നത് തടയണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പടുന്നു.
കേസിന്റെ രേഖകള്‍ ഹാജരാക്കാന്‍ ഉഷയ്ക്ക് പത്ത് ദിവസത്തെ സമയം കോടതി അനുവദിച്ചു. പോക്കുവരവുമായി ബന്ധപ്പെട്ട് കൊട്ടാരക്കര ഭൂരേഖ തഹസില്‍ദാര്‍ ബി. പത്മചന്ദ്രക്കുറുപ്പിന്റെ ഓഫീസില്‍ നടന്ന ഹിയറിംഗില്‍,. പോക്കുവരവ് ചെയ്യുന്നതിനെ ഉഷയുടെ അഭിഭാഷകന്‍ എതിര്‍ത്തു.
സ്വത്തുക്കള്‍ ഭാഗം ചെയ്തതിലും വില്‍പ്പത്രം തയ്യാറാക്കിയതിലും കള്ളക്കളി നടന്നെന്നാണ് ഉഷ ആരോപിക്കുന്നത്. സഹോദരന്‍ കെ.ബി. ഗണേശ് കുമാര്‍ എം.എല്‍.എയ്‌ക്കെതിരെയാണ് പ്രധാന ആരോപണങ്ങള്‍. പിള്ള മൂന്ന് മക്കള്‍ക്കും രണ്ട് ചെറുമക്കള്‍ക്കും തന്റെ പേരിലുള്ള ചാരിറ്റബിള്‍ ട്രസ്റ്റിനുമായി സ്വത്തുക്കള്‍ വീതം വച്ചാണ് വില്‍പ്പത്രം തയ്യാറാക്കിയിരുന്നത്.
2020 ആഗസ്റ്റ് 9ന് പിള്ള സ്വന്തം ഇഷ്ടപ്രകാരമാണ് വില്‍പ്പത്രം രജിസ്റ്റര്‍ ചെയ്തതെന്നും, ഇക്കാര്യത്തില്‍ ബാഹ്യ ഇടപെടലുണ്ടായിട്ടില്ലെന്നും പിള്ളയുടെ വിശ്വസ്തനായിരുന്ന കേരള കോണ്‍ഗ്രസ് (ബി) മണ്ഡലം പ്രസിഡന്റ് കെ. പ്രഭാകരന്‍ നായര്‍ പരസ്യ പ്രസ്താവനയും നടത്തി. അതോടെ അടങ്ങിയിരുന്ന വില്‍പ്പത്ര വിവാദ, ഉഷ കോടതിയെ സമീപിച്ചതോടെയാണ് വീണ്ടും ഉയര്‍ന്നത്.
Discussion about this post