തിരുവനന്തപുരം: വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് പോകുന്നവരെ വാരാന്ത്യ ലോക്ഡൗണിന്റെ പേരില്‍ തടയില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ടൂറിസം കേന്ദ്രങ്ങള്‍ തുറന്നുകൊണ്ടിരിക്കുകയാണെന്നും ആഭ്യന്തര വിനോദ സഞ്ചാരികളെയാണ് ഈ ഘട്ടത്തില്‍ ലക്ഷ്യമിടുന്നതെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. ഒരു ഡോസ് എങ്കിലും വാക്സിനെടുത്ത കുടുംബങ്ങളെ വാക്സിനെടുത്ത ജീവനക്കാരുള്ള ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും താമസിക്കാന്‍ അനുവദിക്കുമെന്നും മന്ത്രി മുഹമ്മദ് റിയാസ് വാര്‍ത്തസമ്മേളനത്തില്‍ വ്യക്തമാക്കി.
കണ്ടെയ്ന്മെന്റ് സോണുകളില്‍ പോലും ഇത്തരം ഹോട്ടലുകളെയും അവിടങ്ങളില്‍ താമസിക്കുന്ന വിനോദ സഞ്ചാരികളെയും ബുദ്ധിമുട്ടിക്കരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ബീച്ചുകളിലുള്‍പ്പെടെ പ്രോട്ടോകോള്‍ പാലിക്കണം.
അതേസമയം കോവിഡിന്റെ പ്രത്യേക സാഹചര്യത്തില്‍ ഇത്തവണത്തെ ഓണം വാരാഘോഷം വെര്‍ച്വലായി സംഘടിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ഔപചാരിക ഉദ്ഘാടനം 14ന് വൈകീട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കുമെന്ന് മന്ത്രി പറഞ്ഞു.
ടൂറിസം കേന്ദ്രങ്ങള്‍, കലാ സാംസ്കാരിക തനിമകള്‍, ഭക്ഷണ വൈവിധ്യം എന്നിവയെ പരിചയപ്പെടുത്തുന്ന പരിപാടികള്‍ ദൃശ്യ മാധ്യമങ്ങളുടെ കൂടി സഹായത്തോടെ നടത്തും. ‘വിശ്വമാനവികതയുടെ ലോക ഓണപ്പൂക്കളം’ എന്നതാണ് ഓണാഘോഷത്തിന്റെ ഭാഗമായി ടൂറിസം വകുപ്പ് ഇത്തവണ മുന്നോട്ടുവെക്കുന്ന ആശയം.
ലോകത്തെവിടെയുമുള്ള മലയാളികള്‍ക്ക് തങ്ങളുടെ ഓണപ്പൂക്കളം ടൂറിസം വകുപ്പിന്റെ ഡിജിറ്റല്‍ പ്ലാറ്റ്ഫോമില്‍ അപ്ലോഡ് ചെയ്യാനാവും. കേരളത്തിലെയും വിദേശങ്ങളിലെയും എന്‍ട്രികള്‍ക്ക് പ്രത്യേക സമ്മാനവുമുണ്ടാകും. ടൂറിസം വകുപ്പിന്റെ വെബ്സൈറ്റില്‍ രജിസ്ട്രേഷന് സൗകര്യം ആഗസ്റ്റ് പത്തിന് ആരംഭിക്കും. പ്രവാസി മലയാളികളെക്കൂടി വെര്‍ച്വല്‍ ഓണാഘോഷത്തില്‍ പങ്കാളികളാക്കും. വിവിധ വിദേശ മലയാളി സംഘടനകളുമായി ഇക്കാര്യം ചര്‍ച്ച ചെയ്തു വരികയാണ്. കോവിഡ് മൂലം 2020 മാര്‍ച്ച് മുതല്‍ 2020 ഡിസംബര്‍ വരെ ടൂറിസം മേഖലക്ക് 33,000 കോടി രൂപയുടെ നഷ്ടമാണ് സംഭവിച്ചത്. ഫോറിന് എക്സ്ചേഞ്ചില്‍ 7000 കോടി രൂപയുടെ നഷ്ടമുണ്ടായെന്നും മന്ത്രി വ്യക്തമാക്കി.
Discussion about this post