ഹരിപ്പാട്: ദേശീയപാതയോരത്തു നിർമാണം നടത്താനുള്ള കുറഞ്ഞ ദൂരപരിധി ഏഴരമീറ്ററാക്കി ഉയർത്തിക്കൊണ്ട് പൊതുമരാമത്തുവകുപ്പിന്റെ ദേശീയപാത വിഭാഗത്തിന് ദേശീയപാത അതോറിറ്റിയുടെ നിർദേശം. നിലവിൽ വീടുകൾക്കു ദേശീയപാതയിൽനിന്നു മൂന്നുമീറ്ററും വാണിജ്യ നിർമിതികൾക്ക് ആറു മീറ്ററുമായിരുന്നു അകലം വേണ്ടിയിരുന്നത്. ഇനി ഇത്തരം വേർതിരിവുണ്ടാകില്ല.
ദേശീയപാതയുടെ അതിർത്തിക്കല്ലിൽനിന്ന് അഞ്ചു മീറ്ററിനകത്ത് ഒരുതരത്തിലുള്ള നിർമാണവും അനുവദിക്കില്ല. അഞ്ചുമുതൽ ഏഴരവരെ മീറ്റർ ഉപാധികളോടെ അനുമതി നൽകും.അതിന്, ബന്ധപ്പെട്ട ഭൂമി ഭാവിയിൽ ദേശീയപാത വികസനത്തിനുവേണ്ടി ഏറ്റെടുക്കേണ്ടിവന്നാൽ നഷ്ടപരിഹാരം ആവശ്യപ്പെടാതെ സ്വന്തം ചെലവിൽ കെട്ടിടം പൊളിച്ചു മാറ്റാമെന്നു ഭൂവുടമ ദേശീയപാത അതോറിറ്റിക്കു സത്യവാങ്മൂലം നൽകണം.
എന്നാൽ, ദേശീയപാത വികസനത്തിനായി ഭൂമി വിട്ടുകൊടുക്കുന്നവർക്കാണു ദൂരപരിധി വ്യവസ്ഥ വിനയാകുന്നത്. ഏറ്റെടുക്കുന്ന ഭൂമിയിലെ വീടുപൊളിച്ചു നീക്കേണ്ടിവരുന്നവർ ബാക്കിഭൂമിയിൽ പുതിയവീടു നിർമിക്കുമ്പോഴും ദൂരപരിധി വ്യവസ്ഥ പാലിക്കേണ്ടിവരുന്നതിനാലാണിത്. എന്നാൽ, ഭാഗികമായി പൊളിക്കുന്ന വീടുകൾക്കും വാണിജ്യകെട്ടിടങ്ങൾക്കും ഇതു ബാധകമല്ല. കെട്ടിടം സുരക്ഷിതമാണെന്നു പൊതുമരാമത്ത് വകുപ്പു സാക്ഷ്യപ്പെടുത്തിയാൽ തുടർന്നും ഉപയോഗിക്കാം.
ദേശീയപാത 66 ആറുവരിയിൽ പുനർനിർമിക്കാനുള്ള ഭൂമിയേറ്റെടുക്കലും തുടർ പ്രവർത്തനങ്ങളും നടന്നുവരുകയാണ്. അതിനാൽ ആയിരക്കണക്കിനു കുടുംബങ്ങളെ ദൂരപരിധി ഉയർത്തൽ ബാധിക്കും. പലർക്കും സ്ഥലം വെറുതെയിടേണ്ടിവരും. ദേശീയപാതയ്ക്കായി ഏറ്റെടുത്തതിനുശേഷം അവശേഷിക്കുന്ന സ്ഥലത്തു ദൂരപരിധി പാലിച്ചു പുതിയവീടു നിർമിക്കാൻ കഴിയാതെ വരുന്നവർക്കാണിത്. ഇങ്ങനെയുള്ളവരെ പുനരധിവസിപ്പിക്കേണ്ടതാണെങ്കിലും നിലവിൽ അതിനു തീരുമാനമില്ലെന്നാണു ബന്ധപ്പെട്ടവർ സൂചിപ്പിക്കുന്നത്.
വീടുകൾക്കും വാണിജ്യാവശ്യങ്ങൾക്കുള്ള ചെറിയകെട്ടിടങ്ങൾക്കും ദേശീയപാതയിലേക്കു പ്രവേശനാനുമതിക്കുള്ള ഫീസ് (ആക്സസ് ഫീസ്) ദേശീയപാത അതോറിറ്റി ഒഴിവാക്കി. വീടുകൾക്കു 10,000 രൂപയും വാണിജ്യ കെട്ടിടങ്ങൾക്കു വലുപ്പംനോക്കാതെ 2.85 ലക്ഷം രൂപയുമായിരുന്നു ഫീസ്. വാണിജ്യാവശ്യങ്ങൾക്കുള്ള കെട്ടിടങ്ങളിൽ 1300 ചതുരശ്രയടി വരെയുള്ളവയ്ക്കുമാത്രമേ ഇളവുകിട്ടൂവെന്നാണറിയുന്നത്. ദേശീയപാതയോരത്തെ നിർമാണങ്ങൾക്ക് തദ്ദേശസ്ഥാപനങ്ങളുടെ അനുമതികിട്ടാൻ ദേശീയപാത അതോറിറ്റിയുടെ എതിർപ്പില്ലാരേഖ ആവശ്യമാണ്. ഇതു ലഭിക്കാൻ പ്രവേശനാനുമതിക്കുള്ള ഫീസ് നിർബന്ധമായിരുന്നു.
2014 ഏപ്രിൽ ഒന്നുമുതലാണ് പ്രവേശനഫീസ് ഈടാക്കാനുള്ള നടപടി തുടങ്ങിയത്. എങ്കിലും വീടുകൾക്ക് ഫീസ് ചുമത്തിയിരുന്നില്ല. കഴിഞ്ഞവർഷം ഏപ്രിൽ ഒന്നുമുതൽ നിയമം കർശനമായി നടപ്പാക്കാൻ ദേശീയപാത അതോറിറ്റി, സംസ്ഥാനത്തു ദേശീയപാതയുടെ മേൽനോട്ടംവഹിക്കുന്ന പൊതുമരാമത്തു വകുപ്പിനോടു നിർദേശിച്ചിരുന്നു. ഇതേത്തുടർന്ന് വീടുനിർമാണ അനുമതിക്കായുള്ള ആയിരക്കണക്കിന് അപേക്ഷകളാണ് വിവിധ പൊതുമരാമത്ത് ഓഫീസുകളിൽ കെട്ടിക്കിടക്കുന്നത്. ഇവർക്കെല്ലാം പുതിയ നിർദേശം ആശ്വാസമാകും.
വാണിജ്യാവശ്യങ്ങൾക്കുള്ള കെട്ടിടം എത്ര ചെറുതായാലും 2.85 ലക്ഷം രൂപ ഫീസ് അടയ്ക്കണമെന്ന നിയമം സാധാരണക്കാർക്കു ബാധ്യതയായിരുന്നു. ഒറ്റമുറി കടയ്ക്കും കൂറ്റൻ വാണിജ്യ സമുച്ചയങ്ങൾക്കും ഇതേ നിരക്കായിരുന്നു. ഇതുസംബന്ധിച്ച് വ്യാപക പരാതിയുയർന്നതിനാലാണ് വാണിജ്യാവശ്യങ്ങൾക്കുള്ള ചെറിയ കെട്ടിടങ്ങളെ ഒഴിവാക്കാൻ നിർദേശമുണ്ടായത്. എല്ലാ വിഭാഗം നിർമിതികൾക്കും ദേശീയപാത അതോറിറ്റിയുടെ എതിർപ്പില്ലാരേഖ വേണമെന്നതിനു മാറ്റമില്ല. അതോറിറ്റിയുടെ അംഗീകൃത കൺസെൽട്ടൻസികൾ വഴിയാണ് അപേക്ഷ നൽകേണ്ടത്.
Discussion about this post