ഇസ്ലാമാബാദ്: പാകിസ്ഥാനിൽ എട്ട് വയസ്സുകാരനായ ഹിന്ദു കുട്ടിക്കെതിരെ മതനിന്ദാക്കുറ്റം ചുമത്തി. മദ്രസയിലെ കാർപ്പെറ്റിൽ മൂത്രമൊഴിച്ചു എന്ന കാരണം പറഞ്ഞാണ് കുട്ടിക്കെതിരെ വധശിക്ഷ ലഭിക്കാവുന്ന കുറ്റം ചുമത്തിയിരിക്കുന്നത്.
കുറ്റം ആരോപിക്കപ്പെട്ടതിനെ തുടർന്ന് ഒരാഴ്ചക്കാലം കുട്ടിയെ അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിൽ പാർപ്പിച്ചിരുന്നു. തുടർന്ന് ജാമ്യം ലഭിച്ച കുട്ടിയെയും കൂട്ടി കുടുംബം ഒളിവിൽ പോയിരിക്കുകയാണ്. കുട്ടിക്ക് മതനിന്ദ പോലുള്ള വിഷയങ്ങളെക്കുറിച്ച് മനസ്സിലാക്കാനുള്ള പ്രായമായില്ലെന്നും എന്തിനാണ് താൻ ഒരാഴ്ച ജയിലിൽ കഴിഞ്ഞതെന്ന് ഇപ്പോഴും അവന് അറിയില്ലെന്നും മാതാപിതാക്കൾ ‘ദി ഗാർഡിയൻ‘ പത്രത്തിന് നൽകിയ രഹസ്യ അഭിമുഖത്തിൽ പറഞ്ഞു.
സംഭവത്തെ തുടർന്ന് പ്രദേശത്തെ ഹിന്ദു കുടുംബങ്ങളെല്ലാം ഭീതിയിലാണ്. തങ്ങൾക്ക് ഇവിടത്തെ കാര്യങ്ങളിൽ ഒരു പ്രതീക്ഷയുമില്ലെന്നും കുടുംബം പറഞ്ഞു.
കുട്ടിക്കെതിരായ കേസുകൾ ഉടൻ പിൻവലിക്കണമെന്ന് പാക് മനുഷ്യാവകാശ പ്രവർത്തകർ ആവശ്യപ്പെട്ടു. കുട്ടിയുടെ കുടുംബം ഉൾപ്പെടെ പലായനം ചെയ്ത മുഴുവൻ പേരെയും തിരികെ കൊണ്ടു വന്ന് മതിയായ സുരക്ഷ നൽകി ജീവിക്കാൻ അനുവദിക്കണമെന്ന് പാക് ന്യൂനപക്ഷാവകാശ പ്രവർത്തകൻ കപിൽ ദേവ് പറഞ്ഞു.
Discussion about this post