കൊച്ചി: പ്രഫസർ അല്ലാതിരുന്നിട്ടും ആ പദം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചെന്ന ഹർജിയിൽ മന്ത്രി ആർ ബിന്ദുവിന് ഹൈക്കോടതി നോട്ടീസ് അയച്ചു. ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് സ്ഥാനാർഥി സമർപ്പിച്ച ഹർജിയിലാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിന് ഹൈക്കോടതി നോട്ടീസ് അയച്ചിരിക്കുന്നത്. ഇരിങ്ങാലക്കുടയിലെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത് തോമസ് ഉണ്ണിയാടനാണ് ഹർജി നൽകിയത്.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പോസ്റ്ററുകളിലും ലഘുലേഖകളിലും നോട്ടീസുകളിലും ചുവരെഴുത്തുകളിലും മറ്റ് പ്രചാരണ സാമഗ്രികളിലുമെല്ലാം പ്രഫസർ എന്ന് പേരിനൊപ്പം ചേർത്തിരുന്നു. വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കുന്ന വിധം ‘പ്രഫസർ’ പദം പേരിനുമുമ്പ് ബോധപൂർവം ഉപയോഗിച്ചാണ് ബിന്ദു തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയതെന്നും ഇത് തെരഞ്ഞെടുപ്പ് ക്രമക്കേടാണെന്നും ചൂണ്ടിക്കാട്ടിയാണ് കേരള കോൺഗ്രസിലെ തോമസ് ഉണ്ണിയാടൻ പരാതി നൽകിയത്. പ്രഫസർ അെല്ലന്ന് ഉത്തമബോധ്യമുണ്ടായിട്ടും വോട്ട് ലക്ഷ്യമിട്ട് ആ പദം ഉപയോഗിച്ചെന്നാണ് ഹർജിയിലെ ആരോപണം.
വോട്ടർമാരെ തെറ്റിദ്ധരിപ്പിച്ച് സ്വാധീനിച്ച് നേടിയതാണ് വിജയമെന്നും ഇത് റദ്ദാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. ബാലറ്റിലും ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിലും പ്രഫസർ ചേർത്ത് വോട്ടർമാരെ തെറ്റിദ്ധരിപ്പിച്ചുവെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
Discussion about this post