mainകാബൂള്‍: കിഴക്കന്‍ അഫ്ഗാനിസ്ഥാനിലെ പാക്ത്യയില്‍ കോവിഡ് വാക്‌സിന്‍ കുത്തിവെപ്പ് നിരോധിച്ച് താലിബാന്‍. പാക്ത്യയിലുള്ള റീജ്യണല്‍ ആശുപത്രിയില്‍ ഇതുസംബന്ധിച്ച നോട്ടീസ് പതിച്ചതായി ഷംഷദ് ന്യൂസ് റിപ്പോര്‍ട്ടു ചെയ്തു.
കഴിഞ്ഞയാഴ്ചയാണ് താലിബാന്‍ ഈ പ്രദേശം പിടിച്ചടക്കിയത്. തുടര്‍ന്ന് ഗുരുദ്വാരയില്‍ നിന്നും നിഷാന്‍ സാഹിബ് നീക്കം ചെയ്തിരുന്നു. അതിനിടെ, സോവിയറ്റ് – അഫ്ഗാന്‍ യുദ്ധകാലത്തെ സൈനിക കമാന്‍ഡര്‍ മാര്‍ഷല്‍ അബ്ദുല്‍ റാഷിദ് ദോസ്തമിന്റെ ഷെബര്‍ഗാനിലെ വസതിയില്‍ താലിബാന്‍ തമ്പടിച്ചിരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കഴിഞ്ഞയാഴ്ച അഫ്ഗാന്‍ പ്രവിശ്യയായ ജോവ്സ്ജാന്‍ പിടിച്ചെടുത്തതിന് പിന്നാലെയാണ് വീഡിയോ പ്രചരിച്ചു തുടങ്ങിയത്.
അഫ്ഗാനിസ്ഥാനില്‍ ആധിപത്യം ഉറപ്പിച്ചതിന് പിന്നാലെ സ്ത്രീകള്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന സൂചന നല്‍കി താലിബാന്‍. നിയന്ത്രണങ്ങളുടെ ഭാഗമായി സ്ത്രീകള്‍ ജോലിക്ക് പോകുന്നതിനാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. അഫ്ഗാനിസ്ഥാനിലെ വിവിധ ബാങ്കുകളില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ ഇനി മുതൽ ജോലിക്ക് വരേണ്ടതില്ലെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അഫ്ഗാനിസ്ഥാന്‍ താലിബാന്റെ അധീനതയില്‍ ആയിരുന്ന 1996-2001 കാലഘട്ടത്തില്‍ കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരുന്നത്. കഴിഞ്ഞ മാസം കാണ്ഡഹാറില്‍ ആയുധധാരികളായ താലിബാൻകാർ ഒരു ബാങ്കില്‍ എത്തുകയും അവിടെ ജോലി ചെയ്തിരുന്ന ഒന്‍പത് വനിതാ ജീവനക്കാരെ അവരുടെ വീടുകളില്‍ എത്തിക്കുകയും ഇനി ജോലിക്ക് പോകരുതെന്ന് നിര്‍ദേശിക്കുകയും ചെയ്തിരുന്നു. പകരം ബന്ധുവായ പുരുഷനെ ബാങ്കിലേക്ക് ജോലിക്കായി അയക്കുകയും ചെയ്തു. ജോലി നഷ്ടമായ മൂന്ന് സ്ത്രീകളും ബാങ്ക് മാനേജരും ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്
ഹെറാത്തിലെ മറ്റൊരു ബാങ്കിലും സമാന സംഭവം നടന്നിരുന്നു. പൊതുസ്ഥലത്ത് മുഖം മറച്ചില്ലെന്ന പേരില്‍ മൂന്ന് വനിതാ ജീവനക്കാരെ ബാങ്കിലെത്തിയ ആയുധധാരികള്‍ വീട്ടിലേക്ക് തിരിച്ചയക്കുകയും പകരം ബന്ധുക്കളായ പുരുഷന്‍മാരെ ബാങ്കിലേക്ക് അയക്കുകയും ചെയ്തിരുന്നു.
Discussion about this post