കോട്ടയം: ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ സ്വർണംകെട്ടിയ രുദ്രാക്ഷമാല കാണാതായി. ക്ഷേത്രത്തിലെ വിഗ്രഹത്തില്‍ അണിയിക്കുന്ന തിരുവാഭരണങ്ങളില്‍ ഉള്‍പ്പെടുന്നതാണ് ഈ മാല. പുതിയ മേൽശാന്തി സ്ഥാനമേറ്റതിന് ശേഷം നടത്തിയ പരിശോധനയിലാണ് സംഭവം പുറത്ത് അറിഞ്ഞത്. തിരുവിതാംകൂർ ദേവസ്വം ബോർഡ് തിരുവാഭരണം കമ്മിഷണർ അന്വേഷണം ആരംഭിച്ചു.
വിഗ്രഹത്തില്‍ സ്ഥിരമായി ചാർത്തിയിരുന്നതാണ് നഷ്ടപ്പെട്ട രുദ്രാക്ഷ മാല. വലിയ രുദ്രാക്ഷമണികളിൽ സ്വർണംകെട്ടിച്ച മാല രണ്ട് മടക്കുകളാക്കിയാണ് ചാർത്തിയിരുന്നത്. മാലയുടെ തൂക്കം സംബന്ധിച്ച് കൃത്യമായ വിവരമില്ല. ക്ഷേത്രത്തിലെ മുൻ അഡ്മിനിസ്ട്രേറ്റീവ് മാനേജറാണ് മാല വഴിപാടായി നൽകിയത്.
കഴിഞ്ഞ മാസമാണ് പുതിയ മേൽശാന്തി ചുമതലയേറ്റത്. ചുമതലയേറ്റ ഉടൻ പൂജാകാര്യങ്ങളുമായി ബന്ധപ്പെട്ട എല്ലാ സാമഗ്രികളും ദേവസ്വം അധികൃതരുടെ സാന്നിധ്യത്തിൽ സാക്ഷ്യപ്പെടുത്തി നൽകണമെന്നു മേൽശാന്തി ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിൽ ദേവസ്വം അസിസ്റ്റന്റ് കമ്മിഷണറുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ പരിശോധിച്ചപ്പോഴാണ് മാല നഷ്ടപ്പെട്ട വിവരം അറിഞ്ഞത്. ദേവസ്വം വിജിലൻസിനും പരാതി ലഭിച്ചിരുന്നതായി വിജിലൻസ് എസ്പി പി. ബിജോയ് പറഞ്ഞു.
അടുത്ത ദിവസം ക്ഷേത്രത്തിൽ എത്തി തെളിവുകൾ ശേഖരിക്കുമെന്ന് കമ്മിഷണർ എസ്. അജിത് കുമാർ പറഞ്ഞു. മാല നഷ്ടപ്പെട്ടതു സംബന്ധിച്ച് റിപ്പോർട്ട് തേടിയതായി ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ. വാസു പറഞ്ഞു.
Discussion about this post