തിരുവനന്തപുരം/ചെന്നൈ: വിഴിഞ്ഞം തീരത്ത് ആയുധങ്ങളും മയക്കുമരുന്നുമായി ശ്രീലങ്കന്‍ പൗരന്മാര്‍ അറസ്റ്റിലായ കേസില്‍ കേരളത്തിലും തമിഴ്‌നാട്ടിലും ഏഴിടങ്ങളില്‍ ദേശീയ സുരക്ഷ ഏജന്‍സി (എന്‍.ഐ.എ) പരിശോധന. എറണാകളും, തമിഴ്‌നാട്ടിലെ ചെന്നൈ, തിരുവള്ളൂര്‍ ജില്ലകളിലാണ് ശനിയാഴ്ച പുലര്‍ച്ചെ പരിശോധന നടന്നത്.
ഇറാന്‍, പാകിസ്താന്‍ എന്നിവിടങ്ങളില്‍ നിന്ന് ശ്രീലങ്കയിലേക്ക് ആയുധങ്ങളും ലഹരിമരുന്നുകളും കടത്തുന്നവരാണ് പിടിയിലായത്. ഇവരുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നവരുടെ കേന്ദ്രങ്ങളിലാണ് പരിശോധന നടന്നത്.
ഇക്കഴിഞ്ഞ മാര്‍ച്ച് 18 ന് അറബിക്കടലിൽ വിഴിഞ്ഞം തീരത്ത് പട്രോളിംഗ് നടത്തുന്നതിനിടെയാണ് കോസ്റ്റ് ഗാര്‍ഡ് അറബിക്കടലില്‍ നിന്നും ആറ് ശ്രീലങ്കക്കാരെ പിടികൂടിയത്. ഇവരില്‍ നിന്ന് 300 കിലോഗ്രാം ഹെറോയിന്‍, 5 എ.കെ -47 തോക്ക്, 1000 തിരകള്‍ എന്നിവ പിടിച്ചെടുത്തിരുന്നു. ഇതുസംബന്ധിച്ച് വിഴിഞ്ഞും പോലീസ് സ്‌റ്റേഷനില്‍ ഏപ്രില്‍ അഞ്ചിന് കേസ് രജിസ്റ്റര്‍ ചെയ്യുകയുണ്ടായി.
വിഴിഞ്ഞം സ്‌റ്റേഷനിലെ കേസിന്റെ അടിസ്ഥാനത്തില്‍ എന്‍.ഐ.എ മേയ് ഒന്നിന് ആയുധ നിയമപ്രകാരം കേസെടുത്തിരുന്നു. കേസില്‍ ഓഗസ്റ്റ് രണ്ടിന് സുരേഷ്, സുന്ദര്‍രാജന്‍ എന്നിവരെ എന്‍.ഐ.എ അറസ്റ്റു ചെയ്തിരുന്നു. ഇവരുടെ വീടുകളില്‍ നടത്തിയ റെയ്ഡില്‍ എല്‍.ടി.ടി.ഇയുമായി ബന്ധപ്പെട്ട ബുക്കുകളും മൊബൈല്‍ ഫോണുകള്‍, സിം കാര്‍ഡുകള്‍, ടാബ്‌ലെറ്റുകള്‍ അടക്കം ഏഴ് ഡിജിറ്റല്‍ ഉപകരണങ്ങളും പിടിച്ചെടുത്തിരുന്നു.
Discussion about this post