കാബൂള്‍: അഫ്ഗാൻ ആധിപത്യം താലിബാൻ കയ്യടക്കിയതോടെ കൂട്ടപലായനത്തിലാണ് ജനങ്ങൾ. കാബൂളിലെ രത്തൻനാഥ് ക്ഷേത്രത്തിലെ പൂജാരിയായ രജീഷ് കുമാർ ഇതിൽ നിന്ന് വ്യത്യസ്തനാണ്. അഫ്ഗാൻ താലിബാന്റെ നിയന്ത്രണത്തിലായതോടെ രാജ്യം വിടാൻ രജീഷ് കുമാറിനോട് പലരും നിർബന്ധിച്ചുവെങ്കിലും രാജ്യം വിടാനില്ലെന്ന ഉറച്ച നിലപാടിലാണ് രജീഷ് കുമാർ.
“ചിലർ കാബൂള്‍ വിട്ടുപോകാന്‍ പ്രേരിപ്പിക്കുകയും യാത്രയ്ക്കും താമസത്തിനുമുള്ള ക്രമീകരണം വാഗ്ദാനം ചെയ്യുകയും ചെയ്തു. എന്റെ പൂര്‍വ്വികര്‍ നൂറുകണക്കിന് വര്‍ഷങ്ങള്‍ ഈ ക്ഷേത്രത്തെ സേവിച്ചു. ഇവിടം ഉപേക്ഷിച്ച് ഞാന്‍ പോകില്ല. താലിബാന്‍ എന്നെ കൊലപ്പെടുത്തിയാല്‍ അത് എന്റെ കര്‍ത്തവ്യത്തിന്റെ ഭാഗമായി കരുതും .” – രജീഷ് കുമാറിനെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അതേസമയം, അഫ്ഗാനിൽ കുടുങ്ങിയവർക്ക് ഇ വിസയ്ക്ക് ഇന്ത്യ സൗകര്യമൊരുക്കി. പേപ്പർ ജോലികൾ ഒഴിവാക്കി ഇലക്ട്രോണിക് മാധ്യമത്തിലൂടെ വിസനൽകാനാണ് നിർദേശം. സിഖുകാരോടും ഹിന്ദുക്കളോടും എത്രയും വേഗം നാട്ടിലേക്ക് മടങ്ങാൻ തയ്യാറാവാൻ ഇന്ത്യ ആവശ്യപ്പെട്ടു. മറ്റ് നടപടിക്രമങ്ങൾ നീണ്ടുപോകാതിരിക്കാനാണ് അഫ്ഗാനിൽ കുടുങ്ങിയവർക്കായി ഇന്ത്യ ഇ വിസയ്ക്ക് അനുമതി നൽകിയത്.
Discussion about this post