കാബൂള്‍: രാജ്യത്ത് നിന്ന് യുഎസ് സേനാ പിന്മാറ്റം പൂര്‍ണമാവാന്‍ രണ്ടാഴ്ചയോളം ബാക്കിയുള്ളപ്പോഴാണ് താലിബാന്‍ കാബൂള്‍ അടക്കമുള്ള നിര്‍ണായക മേഖലകളുടെ നിയന്ത്രണം കൈക്കലാക്കിയത്. പ്രവിശ്യകള്‍ കീഴടക്കുന്നതിനിടെ അഫ്ഗാന്‍ സേനയുടെ വിലപ്പെട്ട ഏതാനും ആയുധങ്ങളും താലിബാന്‍ കൈക്കലാക്കിയിട്ടുണ്ട്. ഇപ്പോൾ അഫ്ഗാനിസ്ഥാനില്‍ ഭരണത്തിലേറാന്‍ ഒരുങ്ങുകയാണ് താലിബാന്‍.
യുഎസ് സേനയുടെ ബയോമെട്രിക് ഉപകരണം ആണ് ഇതില്‍ പ്രധാനം. എച്ച്.ഐ.ഐ.ഡി.ഇ എന്നറിയപ്പെടുന്ന ഈ ഉപകരണം അഫ്ഗാന്‍ സഖ്യസേനയെ സഹായിച്ച അഫ്ഗാനികളെ തിരിച്ചറിയാനായായിരുന്നു ഉപയോഗിച്ചത്. കഴിഞ്ഞയാഴ്ച കാണ്ഡഹാറിലും കാബൂളിലുമടക്കം മുന്നേറ്റം നടത്തുന്നതിനിടെ താലിബാന്‍ ബയോമെട്രിക് ഉപകരണം തട്ടിയെടുത്തതായി ഇന്റര്‍സെപ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. ആളുകളുടെ ഐറിസ് സ്‌കാന്‍, വിരലടയാളം ഉള്‍പ്പെടെയുള്ള ബയോമെട്രിക് വിവരങ്ങളുടെ വിശദാംശങ്ങളാണ് ഈ ഡിവൈസിലുള്ളത്.
വടക്കന്‍ നഗരമായ മസാര്‍-ഇ-ശെരീഫ് പിടിച്ചെടുക്കുന്നതിനിടെ താലിബാന്‍ നേതാവ് ജനറല്‍ അബ്ദുള്‍ റാഷിദ് ദോസ്തിന്റെ കൊട്ടാരത്തില്‍ കടന്നു കയറി. കൊട്ടാരത്തില്‍ കയറി ആഡംബര ഇരിപ്പടങ്ങളില്‍ ഇരിക്കുന്നതും സ്വര്‍ണ കോപ്പകളില്‍ വെള്ളം കുടിക്കുന്നതായി അഭിനയിക്കുന്നതിന്റേയും ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നിരുന്നു.
അഫ്ഗാന്റെ വിവിധ ഭാഗങ്ങളില്‍ സുരക്ഷയ്ക്കായി നിലയുറപ്പിച്ച അഫ്ഗാന്‍ സുരക്ഷാസൈനികര്‍ താലിബാന് മുന്നില്‍ കീഴടങ്ങുന്നതിന്റേയും ഇവരില്‍ നിന്ന് ആയുധങ്ങള്‍ പിടിച്ചടക്കുന്നതിന്റേയും ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. അഫ്ഗാന്റെ സംരക്ഷണത്തിന് ഇനി ആയുധങ്ങള്‍ ആവശ്യമില്ലെന്നാണ് ആയുധങ്ങള്‍ കൈവശപ്പെടുത്തിക്കൊണ്ട് താലിബാന്‍ പറഞ്ഞതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്.
കാണ്ഡഹാര്‍ വിമാനത്താവളത്തില്‍ നിന്ന് യുഎസ് നിര്‍മിത അഫ്ഗാന്‍ സൈനിക വിമാനം താലിബാന്‍ തട്ടിയെടുത്തതായി എഎഫ്പി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.













Discussion about this post