ഇടവ: കുടുംബവഴക്കിനെ തുടർന്നു ഭാര്യ കുത്തേറ്റു മരിച്ചു. ഇടവ ശ്രീയേറ്റിൽ ലബ്ബ തെക്കതിൽ പ്രവാസിയായിരുന്ന സിദ്ദിഖിന്റെ ഭാര്യ ഷാനിദ(58)യാണ് കൊല്ലപ്പെട്ടത്. സിദ്ദിഖിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ പുലർച്ചെയാണ് സംഭവം. ഷാനിദയും സിദ്ദിഖും വീട്ടിൽ സ്ഥിരമായി വഴക്കിടാറുണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം.
വാക്കേറ്റത്തെത്തുടർന്നു ഷാഹിദയുടെ വയറ്റിലും കഴുത്തിലും സിദ്ദിഖ് കത്തി കൊണ്ട് കുത്തുകയായിരുന്നു. ബഹളം കേട്ടു സ്ഥലത്തെത്തിയ നാട്ടുകാർ ഷാഹിദയെ വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവ സമയത്ത് ഇളയ മകൾ സുജി വീട്ടിൽ ഉറക്കത്തിലായിരുന്നു.
ബഹളം കേട്ട് എത്തുമ്പോൾ ഉമ്മ കുത്തേറ്റ് വീണ നിലയിൽ കാണുകയായിരുന്നു. വിവരമറിഞ്ഞ് പൊലീസ് വീട്ടിലെത്തുമ്പോൾ സിദ്ദിഖ് അവിടെത്തന്നെ ഉണ്ടായിരുന്നു. സിദ്ദിഖ്– ഷാനിദ രണ്ടാമത്തെ മകൾ സുമി ഏതാനും മാസം മുൻപ് ആത്മഹത്യ ചെയ്തിരുന്നു. ഭർതൃവീട്ടിലെ പ്രശ്നങ്ങളെത്തുടർന്നാണ് ഇതെന്നാണ് പൊലീസ് നൽകുന്ന സൂചന. ആത്മഹത്യയുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം നടക്കുന്നതിനിടയിലാണ് മാതാവിന്റെ കൊലപാതകം .
ഗൾഫിലായിരുന്ന സിദ്ദിഖ് തിരികെ നാട്ടിലെത്തിയ ശേഷം ചെറിയ കച്ചവടങ്ങൾ നടത്തുകയായിരുന്നു. . മക്കൾ: സൂസി, സുജി, പരേതയായ സുമി. മരുമക്കൾ: ലുക്ക്മാൻ, അജ്മൽ, ജാസർ. പൊലീസ്, ഫൊറൻസിക് വിഭാഗങ്ങൾ വീട്ടിലെത്തി പരിശോധന നടത്തി. ഷാനിദയുടെ പോസ്റ്റ്മോർട്ടം ഇന്നു തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ നടക്കും.
Discussion about this post