ആഫ്രിക്കൻ രാജ്യമായ ഗിനിയയിൽ മാരകമായ മാർബർഗ് വൈറസ് ബാധ റിപ്പോർട്ട് ചെയ്തു. ഒരു മരണവും സ്ഥിരീകരിച്ചു. തുടർന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനം നേരിട്ടു വാർത്താസമ്മേളനം വിളിച്ച് ഈ വൈറസിനെപ്പറ്റിയുള്ള വിവരങ്ങൾ പുറത്തു വിടുകയായിരുന്നു.
ലോകത്തിലെ ഏറ്റവും അപകടകാരിയായ വൈറസെന്ന് ലൈവ് സയൻസ് ഉൾപ്പെടെ നിരവധി ശാസ്ത്ര പോർട്ടലുകൾ സാക്ഷ്യപ്പെടുത്തിയ വൈറസാണ് മാർബർഗ്. 88 ശതമാനമാണ് ഈ വൈറസ് കാരണമുള്ള മരണനിരക്ക്. അതായത് ബാധിക്കപ്പെടുന്ന 10 പേരിൽ ഏകദേശം 9 രോഗികളും മരണപ്പെടും.
2017ൽ ആഫ്രിക്കയിലെ യുഗാണ്ടയിൽ മൂന്നു പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. കൃത്യമായി തടഞ്ഞില്ലെങ്കിൽ പകർച്ചവ്യാധിയായി മാറുന്നതാണ് ഈ വൈറസ് ബാധയെന്ന് ലോകാരോഗ്യ സംഘടന ഉൾപ്പെടെ വ്യക്തമാക്കിയിട്ടുണ്ട്. ഗിനിയയിൽ ഈ വൈറസ് കൂടുതൽ പേരിലേക്ക് എത്തിയോ എന്നതും പരിശോധിക്കുകയാണ്.
മാരകമായ എബോളയ്ക്കു സമാനമാണ് മാർബർഗും. 1967ലാണ് മാർബർഗ് ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെടുന്നത്. പശ്ചിമ ജർമനിയിലെ മാർബർഗ് എന്ന പട്ടണത്തിലാണ് ആദ്യമായി വൈറസ് ബാധ ഉടലെടുക്കുന്നത്. അതു കൊണ്ടാണ് വൈറസിന് ആ പേര് നൽകിയിരിക്കുന്നത്.
കടുത്ത പനി, കിടുകിടുപ്പ്, ശക്തമായ പേശിവേദന, നിർത്താതെയുള്ള ഛർദി എന്നിവയാണ് ആദ്യ രോഗലക്ഷണങ്ങൾ. പിന്നീട് കടുത്ത രക്തസ്രാവം ഉണ്ടാകും. ഇത് മസ്തിഷ്ക ജ്വരത്തിലേക്കും പക്ഷാഘാതത്തിലേക്കും നയിക്കും. ഭയാനകവും അപൂർവവുമാണ് ഈ വൈറസ് ബാധ. ആർടിപിസിആർ, എലീസ തുടങ്ങിയ ടെസ്റ്റുകളാണ് വൈറസ് ബാധ കണ്ടെത്താനായി ഉപയോഗിക്കുന്നത്.
ആളുകളിൽ വൈറസ് കടന്നാൽ ശരാശരി 21 ദിവസങ്ങൾക്കുള്ളിലാണു പൂർണ രോഗലക്ഷണങ്ങൾ ഉടലെടുക്കുന്നത്. അടുത്ത ഘട്ടത്തിൽ 8–9 ദിവസങ്ങൾക്കുള്ളിൽ മരണം സംഭവിക്കാറുണ്ട്. അമിതമായ രക്തസ്രാവമാണ് പലപ്പോഴും മരണത്തിനു കാരണമാകുന്നത്.
രോഗിയുടെ സ്രവങ്ങൾ, മുറിവുകൾ, ഉപയോഗിച്ച വസ്ത്രങ്ങൾ, പാത്രങ്ങൾ എന്നിവയുമായുണ്ടാകുന്ന സമ്പർക്കമാണ് പലപ്പോഴും രോഗബാധയ്ക്ക് കാരണമാകുന്നത്. രോഗം വന്നവരിൽ നീണ്ടകാലം മറഞ്ഞുകിടന്ന ശേഷം വീണ്ടും ഉണർന്നെണീക്കാനുള്ള കരുത്തും മാർബർഗിനുണ്ട്. നിലവിൽ രോഗത്തിനെ ചെറുക്കാനായി ഫലപ്രദമായ മരുന്നുകളോ വാക്സിനോ ലഭ്യമല്ല.
Discussion about this post