മെൽബൺ : ജീവിതദുരിതങ്ങൾ അവസാനിക്കാതെ ന്യൂസീലൻഡിന്റെ മുൻ ഓൾറൗണ്ടർ ക്രിസ് കെയ്ൻസ്. ഹൃദയാഘാതം മൂലം ജീവൻരക്ഷാ ശസ്ത്രക്രിയയ്‌ക്കു വിധേയനായ ക്രിസ് കെയ്ൻസിന്റെ ഇരു കാലുകളും തളർന്നതായി റിപ്പോർട്ട്. ശസ്ത്രക്രിയയ്ക്കിടെ നട്ടെല്ലിനുണ്ടായ സ്ട്രോക് നിമിത്തമാണ് താരത്തിന്റെ കാലുകൾ തളർന്നത്. ഹൃദയപ്രശ്നങ്ങൾ പരിഹരിക്കാൻ മുൻപും ഒന്നിലേറെ ശസ്ത്രക്രിയകൾക്കു വിധേയനായിട്ടുണ്ട് കെയ്ൻസ്. താരം തിരികെ വീട്ടിലെത്തിയെങ്കിലും ഇപ്പോളും അതീവ ഗുരുതരാവസ്ഥയിൽ തുടരുകയാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
നിലവിൽ ഓസ്ട്രേലിയൻ തലസ്ഥാനമായ കാൻബറയിൽ താമസിക്കുന്ന കെയ്ൻസ് സിഡ്നിയിലെ ആശുപത്രിയിലാണ് ശസ്ത്രക്രിയയ്ക്ക് വിധേയനായത്. 2010ൽ ഓസ്ട്രേലിയക്കാരി മെലാനി ക്രോസറെ വിവാഹം കഴിച്ച കെയ്ൻസ് പിന്നീട് ഓസ്ട്രേലിയയിലേക്കു താമസം മാറ്റുകയായിരുന്നു.
2004ൽ രാജ്യാന്തര ക്രിക്കറ്റിൽനിന്നു വിരമിച്ച ശേഷം കെയ്ൻസിന്റെ ജീവിതം സംഭവബഹുലമായിരുന്നു. വിമത ചാംപ്യൻഷിപ്പായ ഇന്ത്യൻ ക്രിക്കറ്റ് ലീഗിൽ (ഐസിഎൽ) ചണ്ഡിഗഡ് ലയൺസിന്റെ ക്യാപ്റ്റനായിരുന്ന കെയ്ൻസ് 2008ൽ ഒത്തുകളി വിവാദത്തിൽ കുടുങ്ങി. ഒത്തുകളി ആവശ്യവുമായി കെയ്ൻസ് തന്നെ സമീപിച്ചിരുന്നെന്ന് സഹതാരം ലൂ വിൻസന്റ് പിന്നീടു വെളിപ്പെടുത്തുകയും ചെയ്തു.
2012ൽ മുൻ ഐപിഎൽ ചെയർമാൻ ലളിത് മോദിക്കെതിരെ അപകീർത്തിക്കേസ് ജയിച്ചെങ്കിലും കെയ്ൻസ് സാമ്പത്തികമായി പാപ്പരായി. ട്രക്ക് ഓടിച്ചും ബസ് ഷെൽട്ടർ കഴുകിയുമാണ് കെയ്ൻസ് ജീവിക്കുന്നതെന്നു ന്യൂസീലൻഡ് ടീമിലെ സഹതാരമായിരുന്ന ഡിയോൺ നാഷ് 2014ൽ വെളിപ്പെടുത്തിയിരുന്നു.













Discussion about this post