തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി കൊടിക്കുന്നിൽ സുരേഷ് എം പി. മുഖ്യമന്ത്രി നവോത്ഥാന നായകനായിരുന്നുവെങ്കിൽ സ്വന്തം മകളെ ഒരു പട്ടികജാതിക്കാരനെ കൊണ്ട് വിവാഹം കഴിപ്പിക്കണമായിരുന്നുവെന്ന് കൊടിക്കുന്നിൽ പറഞ്ഞു. പട്ടികജാതിക്കാരോട് കടുത്ത അവഗണനയാണ് മുഖ്യമന്ത്രി കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല വിവാദങ്ങൾക്ക് ശേഷം മുഖ്യമന്ത്രി വോത്ഥാന നായകനാണെന്നാണ് പറയുന്നത്. അദ്ദേഹമൊരു നവോത്ഥാന നായകനായിരുന്നുവെങ്കിൽ മകളെ ഒരു പട്ടികജാതിക്കാരന് വിവാഹം ചെയ്തു കൊടുക്കണമായിരുന്നു. ഈ നവോത്ഥാനമൊക്കെ തട്ടിപ്പാണ്. കൊടിക്കുന്നിൽ പറഞ്ഞു.
എത്രയോ നല്ല പട്ടികജാതിക്കാരായ ചെറുപ്പക്കാര്‍ സിപിഎമ്മിലുണ്ട്. പിണറായി വിജയൻ നവോത്ഥാനം പറയുന്നത് അധികാരക്കസേര ഉറപ്പിക്കാൻ വേണ്ടി മാത്രമാണ്. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തിൽ വന്നിട്ട് മന്ത്രിമാരെ തീരുമാനിച്ചത് തന്നെ കടുത്ത വിവേചനമാണെന്നും കൊടിക്കുന്നിൽ ആരോപിക്കുന്നു.
രാധാകൃഷ്ണന് മന്ത്രിസ്ഥാനം നൽകി നവോത്ഥാനം നടത്തി എന്നാണ് പറയുന്നത്. ദേവസ്വം വകുപ്പിൽ എന്ത് നവോത്ഥാനമാണുള്ളതെന്നും കൊടിക്കുന്നിൽ ചോദിച്ചു.
കൊടിക്കുന്നിൽ സുരേഷിന്റെ പരാമർശങ്ങൾക്കെതിരെ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ.എ.റഹീം രംഗത്തെത്തി. കേരളത്തെ പുറകോട്ടടിപ്പിക്കുന്ന പ്രസ്താവനയാണ് കൊടിക്കുന്നിലിൽ നിന്നുണ്ടായതെന്നും തീർത്തും അപരിഷ്കൃതമായ പ്രതികരണമാണിതെന്നും റഹീം പറഞ്ഞു.
എന്നാൽ താൻ പറഞ്ഞതിൽ ഉറച്ചു നിൽക്കുകയാണെന്ന് കൊടിക്കുന്നിൽ കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു. ഈ വിഷയം കേരളം നേരത്തേ ചർച്ച ചെയ്തതാണ്. മുഖ്യമന്ത്രിയെ നവോഥാന നായകൻ എന്നു പറയുന്നതിലെ ആത്മാർത്ഥതയെയാണ് താൻ ചോദ്യം ചെയ്തതെന്നും കൊടിക്കുന്നിൽ വിശദീകരിച്ചു.
Discussion about this post