ഒരേ ദിവസം തന്നെ ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തവും അനുഗ്രഹവും അനുഭവിച്ചയാളാണ് ജെയിംസ് അല്‍വാരെസ്. പ്രിയപ്പെട്ട ഭാര്യ ഒരപകടത്തില്‍ മരിക്കുക, അതേ ദിവസം തന്നെ ഒരു പൊന്നോമനയുടെ അച്ഛനാവുക. എന്നാല്‍ ആ ദിവസത്തേക്കാളേറെ പ്രയാസകരമായത് മകളുടെ ഒന്നാം പിറന്നാള്‍ ദിനമായിരുന്നുവെന്ന് ജെയിംസ് അല്‍വാരെസ് പറയുന്നു. അന്നു തന്നെയാണ് പ്രിയപ്പെട്ടവളുടെ ഓര്‍മ്മദിനമെന്നതായിരുന്നു കാരണം.
ഏകദേശം ഒമ്പത് മാസം ഗര്‍ഭിണിയായ സമയത്തായിരുന്നു യെസ്‌നിയയുടെ മരണം. കാറിടിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യെസ്‌നിയയെ രക്ഷപ്പെടുത്താനായില്ലെങ്കിലും യെസ്‌നിയയുടെ ഉദരത്തില്‍ നിന്ന് പുറത്തെടുത്ത കുഞ്ഞ് പൂര്‍ണ ആരോഗ്യവതിയായിരുന്നു.
അകാലത്തില്‍ തന്നില്‍ നിന്ന് വേര്‍പിരിഞ്ഞു പോയ ഭാര്യ യെസ്‌നിയയുടെ ഓര്‍മ്മകളില്‍ മകളോടൊപ്പമുള്ള ഒരു ഫോട്ടോഷൂട്ട് നടത്തുകയാണ് നൊമ്പരപ്പെടുത്തുന്ന വാര്‍ഷികത്തില്‍ ജെയിംസ് ചെയ്തത്. യെസ്‌നിയയുടെ ഗര്‍ഭകാലത്ത് ഇരുവരുമൊന്നിച്ച് നടത്തിയ ഫോട്ടോഷൂട്ട് അതേ രീതിയില്‍, അതേ സ്ഥലത്ത് ആവര്‍ത്തിക്കുകയായിരുന്നു ജെയിംസ്. മകള്‍ അഡലിന്റെ പിറന്നാളാഘോഷത്തിന്റെ ഭാഗമായി നടത്തിയ ഫോട്ടോഷൂട്ട് ഏറെ ശ്രദ്ധ നേടി.
ജെയിംസിന്റേയും യെസ്‌നിയയുടേയും മറ്റേണിറ്റി ഷൂട്ട് നടത്തിയ ഫോട്ടോഗ്രാഫറാണ് ഇത്തരമൊരാശയം മുന്നോട്ടു വെച്ചത്. അമ്മ ധരിച്ചിരുന്നതു പോലെ പിങ്ക് നിറത്തിലുള്ള ഫ്രോക്കണിഞ്ഞ് അഡലിന്‍ ഫോട്ടോഷൂട്ടിന് ഒരുങ്ങി. ജെയിംസ് അതേ വെള്ളഷര്‍ട്ടും ചാര നിറത്തിലുള്ള പാന്റും ധരിച്ചു.
യെസ്‌നിയയുമൊത്ത് ചിത്രങ്ങള്‍ പകര്‍ത്തിയ അതേ സ്ഥലത്ത് അഡലിനുമൊത്ത് ജെയിംസെത്തി. അഡലിനും നന്നായി സഹകരിച്ചു. ഏകദേശം അതേ പോസിലുള്ള ചിത്രങ്ങള്‍ തന്നെ പകര്‍ത്തി. ഭാര്യക്കൊപ്പവും മകള്‍ക്കൊപ്പവുമുള്ള ഒരേ പോലെയുള്ള ചിത്രങ്ങള്‍ ജെയിംസിനെ വികാരഭരതനാക്കി. എങ്കിലും ഭാര്യയുടെ ഓര്‍മ്മ പുതുക്കി എല്ലാക്കൊല്ലവും മകള്‍ക്കൊപ്പം ഫോട്ടോഷൂട്ട് നടത്താനുള്ള തീരുമാനത്തിലാണ് ജെയിംസ്.
Discussion about this post