കണ്ണൂര്‍: സ്വര്‍ണം കടത്തുന്നതിനായി കള്ളക്കടത്തുകാര്‍ വിചിത്രമായ പല മാര്‍ഗങ്ങളും ഉപയോഗിക്കാറുണ്ട്. ശരീരത്തിനുള്ളിലും മുടിക്കുള്ളിലും മലദ്വാരത്തിലുമെല്ലാം സ്വര്‍ണം ഒളിപ്പിച്ച് കടത്തുന്നത് ഇപ്പൊ സാധാരണ വാർത്തയായി. എന്നാല്‍ കഴിഞ്ഞ ദിവസം കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പിടികൂടിയ സ്വര്‍ണക്കടത്ത് ഈ നിരയില്‍ ഏറ്റവും പുതുമയുള്ളതാണ്.
ഇട്ടിരിക്കുന്ന ജീന്‍സില്‍ പെയിന്റ് രൂപത്തില്‍ സ്വര്‍ണം പൂശിയാണ് കടത്താന്‍ ശ്രമം നടന്നത്. ജീന്‍സ് പാന്റില്‍ പെയിന്റ് പറ്റിയതുപോലെയോ പുതിയൊരു ഡിസൈന്‍ പോലെയോ ആണ് ഒറ്റനോട്ടത്തില്‍ തോന്നുക. പേസ്റ്റ് രൂപത്തിലാക്കി, വസ്ത്രത്തില്‍ പുരട്ടി കടത്താന്‍ ശ്രമിച്ച സ്വര്‍ണമാണ് അധികൃതര്‍ പിടികൂടിയത്.
ചെറുതാഴം സ്വദേശി ശിഹാബില്‍നിന്നാണ് 302 ഗ്രാം സ്വര്‍ണം പിടികൂടിയത്. ഇയാള്‍ ധരിച്ച പാന്റ്സിന്റെ ഇരുകാലുകളിലും പേസ്റ്റ് രൂപത്തിലുള്ള സ്വര്‍ണം പെയിന്റടിച്ച നിലയിലായിരുന്നു. ഇതിന് പുറമേ തുണിയും തുന്നിച്ചേര്‍ത്ത നിലയിലാണ് ഉണ്ടായിരുന്നു.15 ലക്ഷം രൂപ വിലമതിക്കുന്ന 302 ഗ്രാം സ്വര്‍ണമാണ് കണ്ണൂര്‍ വിമാനത്താവളത്തിലെ എയര്‍ ഇന്റലിജന്‍സ് വിഭാഗം പിടികൂടിയതെന്ന് കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് യൂണിറ്റ് പറഞ്ഞു.
ഞായറാഴ്ച പുലര്‍ച്ചെ ദുബായിയില്‍നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് ശിഹാബ് എത്തിയത്. കണ്ണൂര്‍ വിമാനത്താവളത്തില്‍ ആദ്യമായാണ് ഈ രീതിയില്‍ സ്വര്‍ണം കടത്താന്‍ ശ്രമിക്കുന്നത്. പശയോടൊപ്പം ചേര്‍ത്ത് പേസ്റ്റ് രൂപത്തിലുള്ള സ്വര്‍ണം പിടിപ്പിച്ചതിനാല്‍ മെറ്റല്‍ ഡിറ്റക്ടര്‍ വഴി പിടികൂടാന്‍ സാധ്യത കുറവായിരിക്കുമെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കസ്റ്റംസ് അസി. കമ്മിഷണര്‍ ഫായിസ് മുഹമ്മദ്, സൂപ്രണ്ടുമാരായ പി.സി. ചാക്കോ, എസ്. നന്ദകുമാര്‍, ഇന്‍സ്‌പെക്ടര്‍മാരായ ദിലീപ് കൗശല്‍, ജോയ് സെബാസ്റ്റ്യന്‍, മനോജ് യാദവ്, സന്ദീപ് കുമാര്‍, യദു കൃഷ്ണ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് സ്വര്‍ണം പിടികൂടിയത്.
Discussion about this post