കൊല്ലം: പരവൂരില്‍ തെക്കുംഭാഗം ബീച്ചിന് സമീപത്ത് വച്ച് അമ്മക്കും മകനും നേരെ സദാചാര ഗുണ്ടാ ആക്രമണം. എഴുകോണ്‍ ചീരങ്കാവ് കണ്ണങ്കര തെക്കേതില്‍ ഷംലക്കും മകന്‍ ഷാലുവിനും നേരെയാണ് ആക്രമണമുണ്ടായത്. പ്രതിയായ ആഷിഖിനായി അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചു.
തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ചികിത്സ കഴിഞ്ഞ് കൊല്ലത്തെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു അമ്മയും മകനും. കാറിലിരുന്ന് ഭക്ഷണം കഴിക്കുവാന്‍ പോകുമ്പോൾ അക്രമികള്‍ കമ്പിവടി കൊണ്ട് അടിക്കുകയും വാഹനം തകര്‍ക്കുകയുമായിരുന്നു.
ഷംലയെ തലമുടിയില്‍ കുത്തിപ്പിടിച്ച് കാറിന് പുറത്തേക്ക് വലിച്ചിട്ട അക്രമി തടയാനെത്തിയ മകനെ അസഭ്യം പറഞ്ഞ് കമ്പിവടി കൊണ്ട് അടിക്കുകയായിരുന്നു. മകനെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ച ഷംലയുടെ കഴുത്തില്‍ പിടിച്ചു തള്ളിയ അക്രമി ചവിട്ടുകയും കമ്പിവടി കൊണ്ട് മര്‍ദിക്കുകയും ചെയ്തു.
അക്രമിയുടെ കൈയ്യിലുണ്ടായിരുന്ന ആയുധത്തില്‍ നിന്ന് ഷാലുവിന്‍റെ കൈ ഞരമ്പിന് മുറിവേറ്റു. പിന്നീട് ആശുപത്രിയിലെത്തി മുറിവ് തുന്നിക്കെട്ടി.
Discussion about this post