കാബൂൾ: അഫ്ഗാനിലെ അധിനിവേശം തുടരുമ്പോഴും താലിബാന് മുമ്പിൽ പ്രതിരോധം തീർത്ത് പോരാട്ടം തുടരുകയാണ് വടക്കുകിഴക്കൻ പ്രവിശ്യയായ പഞ്ച്ഷീറിലെ പ്രതിരോധ സേന. വ്യാഴാഴ്ച 13 താലിബാൻ തീവ്രവാദികളെ കൊലപ്പെടുത്തിയതായാണ് പുറത്തു വരുന്ന വിവരം. പഞ്ച്ഷീർ പ്രോവിന്‍സ് എന്ന ട്വിറ്റർ അക്കൗണ്ടിൽ കൂടിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രദേശത്ത് പോരാട്ടം തുടരുകയാണ്.
Update
13 members of the Taliban were killed in an ambush by National resistance in the #Chikrinow district of #Panjshir province, and one of their tanks was destroyed.
— Panjshir_Province (@PanjshirProvin1) September 1, 2021
നേരത്തെ താലിബാനുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ പ്രതിരോധസേന പോരാട്ടം തുടരുമെന്ന് നാഷണൽ റെസിറ്റന്റ്സ് ഫ്രണ്ട് വ്യക്തമാക്കിയിരുന്നു. പഞ്ച്ഷീറിലെ പ്രാദേശിക നേതാക്കളുമായി നടത്തിയ ചർച്ച പരാജയപ്പെട്ടുവെന്ന് താലിബാൻ മാർഗ്ഗ നിർദ്ദേശ കമ്മീഷൻ വക്താവ് മുല്ല ആമിർ ഖാൻ മൊതാഖി പറഞ്ഞതായി പ്രാദേശിക മാധ്യമമായ ഖാമാ പ്രസ് റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പഞ്ച്ഷീർ താഴ്‌വരയിൽ ഒളിച്ചിരുന്ന 13 താലിബാൻ ഭീകരവാദികളെ പ്രതിരോധ സേന വധിച്ചത്.
കാബൂളിന് 90 മൈൽ വടക്ക് ഹിന്ദു കുഷ് പർവത നിരകളിലാണ് പഞ്ച്ഷിർ താഴ്‌വര. കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ അഫ്ഗാനിസ്താന്റെ വിവിധ മേഖലകളിൽ മിന്നലാക്രമണം നടത്തിയിട്ടും പഞ്ച്ഷീറിൽ താലിബാൻ പതറുകയായിരുന്നു. പ്രതിരോധ സേനയുടെ ചെറുത്തുനില്‍പ്പുമൂലം പഞ്ച്ഷീർ കീഴടക്കുന്നതിൽ താലിബാൻ പരാജയപ്പെടുന്ന കാഴ്ചയാണ് കാണുന്നത്.
അതേസമയം കഴിഞ്ഞ മൂന്ന് ദിവസങ്ങളായി നടക്കുന്ന പോരാട്ടത്തിൽ ഇരു വിഭാഗങ്ങളിലുള്ളവർക്കും നാശനഷ്ടങ്ങൾ സംഭവിച്ചതായും നിരവധി പേർക്ക് പരിക്കേറ്റതായും താലിബാൻ വ്യക്തമാക്കി.
Discussion about this post