കണ്ണൂര്‍: പയ്യന്നൂരിലെ സുനീഷയുടെ ആത്മഹത്യയിൽ ഭർത്താവിന്‍റെ മാതാപിതാക്കളെ കൂടി പ്രതി ചേർത്തു. വിജീഷിന്‍റെ അച്ഛൻ പി രവീന്ദ്രൻ, അമ്മ പൊന്നു എന്നിവർക്കെതിരെ ഗാർഹിക പീഡനം, ആത്മഹത്യ പ്രേരണ എന്നീ കുറ്റങ്ങൾ ചുമത്തി. കേസില്‍ വിജീഷിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മർദ്ദനം വ്യക്തമാകുന്ന ശബ്ദ സന്ദേശം പുറത്തുവന്നതോടെയാണ് പൊലീസ് നടപടി.
ഒന്നരവർഷം മുമ്പാണ് പയ്യന്നൂർ കോറോം സ്വദേശി സുനീഷയും വീജിഷും തമ്മിൽ വിവാഹിതരാകുന്നത്. പ്രണയ വിവാഹമായത് കൊണ്ട് ഇരു വീട്ടുകാരും തമ്മിൽ ഏറെക്കാലം അകൽച്ചയിലായിരുന്നു. ഭർത്താവിന്‍റെ വീട്ടിൽ താമസം തുടങ്ങിയ സുനീഷയെ വിജീഷിന്റെ അച്ഛനും അമ്മയും നിരന്തരം ശാരീരികമായി ഉപദ്രവിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നു. ഇതിൽ മനംനൊന്താണ് കഴിഞ്ഞ ദിവസം ഭർതൃവീട്ടിലെ ശുചിമുറിയിൽ സുനിഷ തൂങ്ങി മരിച്ചത്. തന്നെ കൂട്ടികൊണ്ട് പോയില്ലെങ്കിൽ ജീവനോടെ ഉണ്ടാകില്ലെന്ന് യുവതി സഹോദരനോട് കരഞ്ഞ് പറയുന്ന ശബ്ദരേഖയും, ഭർത്തൃവീട്ടുകാരുടെ മർദ്ദന വിവരത്തെ കുറിച്ച് പറയുന്ന ശബ്ദരേഖയും പുറത്തു വന്നിരുന്നു.
Discussion about this post