തിരുവനന്തപുരം: തുമ്പയിലെ ഐഎസ്ആർഒ കേന്ദ്രത്തിലേക്കു കൊണ്ടുവന്ന കണ്ടെയ്നറിൽനിന്ന് യന്ത്രഭാഗങ്ങളിറക്കാൻ 10 ലക്ഷം രൂപ ആവശ്യപ്പെട്ട സംഭവത്തിൽ തുമ്പ പൊലീസ് കേസെടുത്തു. ഔദ്യോഗിക വാഹനം തടയൽ, ലോക്ഡൗൺ ലംഘനം, നിയമവിരുദ്ധമായി സംഘം ചേരൽ തുടങ്ങിയ വകുപ്പുകളനുസരിച്ചാണ് കേസ്. കണ്ടാലറിയാവുന്ന 50 പേർക്കെതിരെയാണ് കേസെടുത്തത്.
വേളി പാലത്തിനു സമീപം ഞായറാഴ്ചയാണ് വാഹനം തടഞ്ഞത്. വിഎസ്എസ്‌സി അധികൃതർ സർക്കാർ സഹായം തേടിയതിനെത്തുടർന്ന് വൻ പൊലീസ് സന്നാഹം സ്ഥലത്തെത്തി. യന്ത്രങ്ങൾ ഇറക്കാൻ പ്രദേശവാസികളെ അനുവദിക്കണമെന്നും ടണ്ണിന് 2000 രൂപ നിരക്കിൽ 10 ലക്ഷം രൂപ പ്രതിഫലം വേണമെന്നും ചിലർ ആവശ്യപ്പെട്ടു. എന്നാൽ ക്രെയിൻ ഉപയോഗിച്ച് കൂറ്റൻ യന്ത്രഭാഗം ഇറക്കാൻ 3 വിദഗ്ധ തൊഴിലാളികൾ മതിയെന്നും അവർ സ്ഥലത്തുണ്ടെന്നും വിഎസ്‍എസ്ഇ അധികൃതർ പറഞ്ഞു.
തുടർന്നു ബലപ്രയോഗത്തിലൂടെ പൊലീസ് ആളുകളെ നീക്കി വാഹനം കടത്തി വിടുകയായിരുന്നു. ട്രൈസോണിക് വിൻഡ് ടണൽ സ്ഥാപിക്കാനുള്ള യന്ത്രഭാഗങ്ങളായിരുന്നു ലോറിയിൽ. സ്പേസ് ക്രാഫ്റ്റുകളും റോക്കറ്റുകളും അന്തരീക്ഷത്തിലൂടെ സഞ്ചരിക്കുമ്പോൾ ഉണ്ടാകുന്ന പ്രതിഫലനങ്ങളെക്കുറിച്ച് പഠിക്കാനുള്ള ഉപകരണമാണ് വിൻഡ് ടണൽ.
വീഡിയോയിൽനിന്നും ഫോട്ടോകളിൽനിന്നും ആളുകളെ തിരിച്ചറിയാനുള്ള നടപടികൾ ആരംഭിച്ചു. ശക്തമായ നടപടിയുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.
Discussion about this post