തൃശ്ശൂര്‍: ബെംഗളൂരുവില്‍ പഠിച്ചുകൊണ്ടിരുന്ന നിയമ വിദ്യാര്‍ഥിനി തൃശ്ശൂര്‍ വലപ്പാട് സ്വദേശി ശ്രുതി(22)യെ തമിഴ്‌നാട്ടിലെ ഈറോഡില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തി. സംഭവത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ശ്രുതിയുടെ മാതാപിതാക്കള്‍ മുഖ്യമന്ത്രിക്കും തൃശ്ശൂര്‍ റൂറല്‍ എസ്.പി.ക്കും പരാതി നല്‍കി.
വലപ്പാട് എടമുട്ടത്ത് താമസിക്കുന്ന കാര്‍ത്തികേയന്‍-കൈരളി ദമ്പതിമാരുടെ മകള്‍ ശ്രുതി ബെംഗളൂരുവിലെ സ്വകാര്യ കോളേജില്‍ ഒന്നാം വര്‍ഷ എല്‍.എല്‍.ബി. വിദ്യാര്‍ഥിനിയായിരുന്നു. ഓഗസ്റ്റ് 17-നാണ് തമിഴ്‌നാട്ടിലെ ഈറോഡില്‍ ശ്രുതിയെ മരിച്ചനിലയില്‍ കണ്ടെത്തിയെന്ന വിവരം വീട്ടുകാര്‍ക്ക് ലഭിക്കുന്നത്. മകളുടെ മരണത്തില്‍ അടിമുടി ദുരൂഹതയുണ്ടെന്നും ലഹരിമാഫിയക്ക് ഉള്‍പ്പെടെ പങ്കുണ്ടെന്നുമാണ് മാതാപിതാക്കളുടെ പരാതി.
ശ്രുതി വിഷം കഴിച്ച് ജീവനൊടുക്കിയെന്നാണ് ഈറോഡ് സൗത്ത് പോലീസ് വീട്ടുകാരോട് പറഞ്ഞിരുന്നത്. ഒപ്പമുണ്ടായിരുന്ന ഒരു യുവാവിനെയും വിഷം കഴിച്ച നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ ഈറോഡ് പോലീസിന്റെ തുടക്കംമുതലുള്ള ഇടപെടലുകള്‍ സംശയം ജനിപ്പിക്കുന്നതാണെന്നും ദുരൂഹതയുണ്ടെന്നും ശ്രുതിയുടെ അമ്മ പറഞ്ഞു.
”ബി.കോം കഴിഞ്ഞ് എറണാകുളത്ത് ജോലിചെയ്തിരുന്ന മകള്‍ കഴിഞ്ഞവര്‍ഷമാണ് ബെംഗളൂരുവില്‍ എല്‍.എല്‍.ബിക്ക് ചേര്‍ന്നത്. ആദ്യ ലോക്ഡൗണ്‍ കാലത്ത് വീട്ടിലായിരുന്നു. ലോക്ഡൗണ്‍ ഇളവുകള്‍ വന്നതോടെയാണ് ബെംഗളൂരുവിലേക്ക് തിരികെപോയത്. മാസത്തില്‍ ഒന്നോ രണ്ടോ തവണ വീട്ടില്‍ വരാറുള്ളതാണ്. ജൂലായ് ഒമ്പതാം തീയതിയാണ് അവസാനം വന്നത്. ഞങ്ങളുടെ വിവാഹവാര്‍ഷിക ആഘോഷമെല്ലാം കഴിഞ്ഞ് ജൂലായ് 13-ന് ബെംഗളൂരുവിലേക്ക് മടങ്ങി. ഓഗസ്റ്റ് 20-ന് നാട്ടിലേക്ക് വരുമെന്നും പറഞ്ഞിരുന്നു. ഇതിനിടെയാണ് ഈ സംഭവങ്ങളെല്ലാമുണ്ടായത്.
ഓഗസ്റ്റ് 17-നാണ് ഈറോഡില്‍നിന്ന് പോലീസ് വിളിച്ചത്. മകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്നാണ് പോലീസ് പറഞ്ഞിരുന്നത്. അവിടെ എത്തിയപ്പോളാണ് മരിച്ചെന്നവിവരം അറിയുന്നത്. തുടര്‍ന്ന് ഞങ്ങളെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. മകളെ ഈറോഡ് റെയില്‍വേ സ്‌റ്റേഷനില്‍നിന്നാണ് ആശുപത്രിയില്‍ എത്തിച്ചതെന്നാണ് പോലീസ് പറഞ്ഞിരുന്നത്. ആദ്യം അപകടമാണെന്നും പറഞ്ഞു. പിന്നീടാണ് വിഷം കഴിച്ചതാണെന്ന് പറഞ്ഞത്. മകളുടെ ബാഗോ മൊബൈല്‍ഫോണോ ഒന്നും കിട്ടിയിട്ടില്ല. ആധാര്‍ കാര്‍ഡ് മാത്രമാണ് പോലീസിന്റെ കൈവശമുണ്ടായിരുന്നത്. അത് ഞങ്ങള്‍ക്ക് തിരികെ നല്‍കുകയും ചെയ്തു.
മകളുടെ മൃതദേഹം കാണണമെന്ന് പറഞ്ഞപ്പോള്‍ പോലീസ് അനുമതി നല്‍കി. മുഖം മാത്രമേ കാണിച്ചു നല്‍കിയുള്ളൂ. എന്താണ് മുഴുവനും കാണിച്ച് തരാത്തതെന്ന് ചോദിച്ചപ്പോള്‍ അത് പറ്റില്ലെന്നായിരുന്നു മറുപടി. മകളുടെ ഒപ്പമുണ്ടായിരുന്ന യുവാവും അതേ ആശുപത്രിയിലുണ്ടായിരുന്നു. എറണാകുളം സ്വദേശിയായ ഇയാളെയും വിഷം കഴിച്ചെന്ന് പറഞ്ഞാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. ഇയാളുടെ സുഹൃത്തായ ഒരു കോഴിക്കോട് സ്വദേശിയും അവിടെ ഉണ്ടായിരുന്നു. ഇയാളുടെ പെരുമാറ്റം ഏറെ അസ്വാഭാവികത നിറഞ്ഞതായിരുന്നു. ശ്രുതിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തേണ്ടെന്നും ചികിത്സയിലുള്ള യുവാവിനെ ഇതില്‍ കുറ്റപ്പെടുത്തരുതെന്നും ഇയാള്‍ പറഞ്ഞു. ഒരു പോലീസുകാരനും ഇതേ കാര്യം ആവര്‍ത്തിച്ചു. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്ന് ഞാന്‍ നിര്‍ബന്ധിക്കുകയായിരുന്നു”- കൈരളി പറഞ്ഞു.
മകളുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും അസ്വാഭാവികതകളുണ്ടെന്നാണ് കുടുംബത്തിന്റെ ആരോപണം. വാരിയെല്ലുകള്‍ക്ക് പൊട്ടലുണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. ഇക്കാര്യം ഈറോഡ് പോലീസ് നേരത്തെ പറഞ്ഞിരുന്നില്ല. ഇതേക്കുറിച്ച് കഴിഞ്ഞദിവസം തൃശൂര്‍ റൂറല്‍ എസ്.പി. വിവരം തിരക്കിയപ്പോള്‍ മകള്‍ ഓട്ടോയില്‍നിന്ന് ചാടിയപ്പോള്‍ സംഭവിച്ചതാണെന്നാണ് ഈറോഡ് പോലീസ് മറുപടി നല്‍കിയത്. ഇത്തരത്തില്‍ വിചിത്രമായ പല മറുപടികളുമാണ് ഈറോഡ് പോലീസ് പറയുന്നതെന്നും പോലീസിനെ ചിലര്‍ സ്വാധീനിച്ചതായി സംശയമുണ്ടെന്നും കുടുംബം ആരോപിക്കുന്നു.
ശ്രുതിയുടെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനാണ് കുടുംബം ആദ്യം പരാതി നല്‍കിയത്. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും പരാതി അയച്ചു. കഴിഞ്ഞ ദിവസം തൃശ്ശൂര്‍ റൂറല്‍ എസ്.പി. ജി. പൂങ്കുഴലിയെ നേരിട്ടു കണ്ട് പരാതി നല്‍കുകയും ചെയ്തു. പരാതി പരിശോധിച്ച എസ്.പി. തമിഴ്‌നാട് പോലീസില്‍ നിന്ന് വിവരങ്ങള്‍ തേടിയിരുന്നു. എന്തായാലും കേരള പോലീസിന്റെ അന്വേഷണത്തില്‍ മരണത്തിലെ ദുരൂഹത കണ്ടെത്താനാകുമെന്നാണ് ശ്രുതിയുടെ കുടുംബത്തിന്റെ പ്രതീക്ഷ. മകളുടെ മരണവിവരമറിഞ്ഞ് യു.എ.ഇ.യില്‍ ജോലിചെയ്തിരുന്ന അച്ഛന്‍ കാര്‍ത്തികേയനും നാട്ടിലെത്തിയിട്ടുണ്ട്.
Discussion about this post