കോഴിക്കോട്: നിപ സ്ഥിരീകരിച്ചിട്ട് നാല് ദിവസം കഴിഞ്ഞിട്ടും വൈറസിന്റെ ഉറവിടം കണ്ടെത്താന്‍ ഞായറാഴ്ച മുതല്‍ ശേഖരിച്ച സാമ്പിളുകൾ വിദഗ്ധ പരിശോധനക്ക് അയക്കാനായില്ല. നിപയുമായി ബന്ധപ്പെട്ട വസ്തുക്കളായതിനാല്‍ കൊറിയര്‍ സ്ഥാപനങ്ങളും വിമാനം വഴിയുള്ള കാര്‍ഗോ കമ്പനികളും ഈ സാമ്പിളുകളടങ്ങിയ പാഴ്സല്‍ സ്വീകരിക്കാത്തതാണ് വന്‍ തിരിച്ചടിയായത്.
ആറ് ചത്ത വവാലുകളും വവ്വാലുകളുടെ വിസര്‍ജ്യവും 23 ആടുകളുടെ രക്തവും സ്രവവും വവ്വാലുകള്‍ കടിച്ച റംബൂട്ടാന് പഴവും അടക്കയുമാണ് ഭോപാലിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ഡിസീസിലേക്ക് അയക്കാനാവാതെ കോഴിക്കോട്ട് തന്നെ സൂക്ഷിച്ചിരിക്കുന്നത്. നിപ രോഗബാധയുടെ ഭീതി അല്പം ഒഴിഞ്ഞെങ്കിലും സാമ്പിളുകൾ എത്തിക്കാനാവാത്തത് ഉറവിടം കണ്ടെത്താനുള്ള നിര്‍ണായക നീക്കത്തിന് വെല്ലുവിളിയാണ്.
കേന്ദ്ര മൃഗസംരക്ഷണ വകുപ്പിലെ ജോയന്റ് ഡയറക്ടര്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരെ സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. വ്യാഴാഴ്ച കേന്ദ്രസര്‍ക്കാര്‍ ഉന്നതതല യോഗം വിളിക്കാമെന്ന് അറിയിച്ചിട്ടുണ്ട്. എയര്‍ കാര്‍ഗോ കമ്പനികൾക്ക് പ്രത്യേക നിര്‍ദേശം കേന്ദ്രസര്‍ക്കാര്‍ നല്കിയാല് വിമാനം വഴി എളുപ്പം അയക്കാമെന്നാണ് പ്രതീക്ഷ.
മൃഗസംരക്ഷണ വകുപ്പിലെ വിദഗ്ധരാണ് പാഴൂര്‍ മുന്നൂര് പ്രദേശത്ത് ഞായറാഴ്ച മുതല്‍ സാമ്പിളുകൾ ശേഖരിച്ചത്. ചൊവ്വാഴ്ച സാമ്പിള്‍ ശേഖരണം പൂര്‍ത്തിയായി. എല്ലാ സാമ്പിളുകളും ശാസ്ത്രീയമായി സൂക്ഷിച്ചിരിക്കുകയാണെന്നാണ് വിശദീകരണം. വൈറസ് സാന്നിധ്യമുണ്ടെങ്കില്‍ നഷ്ടപ്പെടില്ലെന്നും അധികൃതര്‍ പറയുന്നു. ഒരു തരത്തിലും സാമ്പിളുകള്‍ കൊണ്ടുപോകാന്‍ കഴിയില്ലെന്നാണ് കാര്‍ഗോ കമ്പനികൾ അറിയിച്ചത്. കഴിഞ്ഞ തവണ നിപ രോഗബാധയുടെയും പക്ഷിപ്പനിയുടെയും സമയത്ത് തടസ്സങ്ങളില്ലാതെ സാമ്പിളുകൾ ഭോപാലിലേക്ക് കൊണ്ടുപോയിരുന്നു.
ജീവനുള്ള വവ്വാലുകളെ പിടിക്കുന്നതും രോഗത്തിന്റെ ഉറവിടം കണ്ടെത്താന്‍ ഏറ്റവും നിര്‍ണായകമാണെങ്കിലും പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല. നിപ വൈറസുകളുണ്ടോയെന്ന് ജീവനുള്ള വവ്വാലുകളെ പരിശോധിച്ചാല്‍ കണ്ടുപിടിക്കാം. എന്നാല്‍ നാല് ദിവസം പിന്നിട്ടിട്ടും ഇതിനുള്ള സജ്ജീകരണമൊരുക്കിയിട്ടില്ല. പുണെ വെറോളജി ഇന്സ്റ്റിറ്റ്യുട്ടില്നിന്നുള്ള സംഘത്തിനായുള്ള കാത്തിരിപ്പ് തുടരുകയാണ്. സംഘത്തലവന് മാത്രമാണ് വിമാനം വഴി എത്തിയത്. വവ്വാലിനെ പിടികൂടാനുള്ള ഉപകരണങ്ങളും മറ്റുമായി മറ്റുള്ളവര്‍ റോഡ് മാര്‍ഗമാണ് വരുന്നത്. വ്യാഴാഴ്ച ഇവരെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വിവിധ വകുപ്പുകള്‍ തമ്മിലുള്ള ഏകോപനമില്ലായ്മയാണ് ഉറവിടം കണ്ടെത്താനുള്ള നടപടികള്‍ക്ക് തടസ്സമാകുന്നത്. ഇനി കാട്ടുപന്നികളെയും പരിശോധിക്കണം.
Discussion about this post