കോഴിക്കോട്: ചാത്തമംഗലത്ത് നിന്ന് മൃഗസംരക്ഷണ വകുപ്പ് പരിശോധനയ്‌ക്കെടുത്ത വവ്വാലുകളുടേയും ആടുകളുടേയും സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റീവ് ആയതോടെ സംസ്ഥാനത്ത് നിപ ആശങ്ക അകലുന്നു. ഭോപ്പാല്‍ ലാബില്‍ നിന്നാണ് പരിശോധനാ ഫലം വന്നത്. അതോടൊപ്പം തന്നെ സമ്പര്‍ക്കപ്പട്ടികയിലുണ്ടായിരുന്ന 20 പേരുടെ പരിശോധനാഫലം കൂടി നെഗറ്റീവ് ആയിട്ടുണ്ട്.
ഇതോടെ ആകെ നെഗറ്റീവ് ആയവരുടെ എണ്ണം 108 ആയി ഉയര്‍ന്നു. 65 പേരാണ് സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളതില്‍ ഇനിയും നിരീക്ഷണത്തില്‍ കഴിയുന്നത്. എന്നാല്‍ ഇവരില്‍ ആര്‍ക്കും രോഗലക്ഷണങ്ങളില്ല. ഇതോടെയാണ് സംസ്ഥാനത്ത് നിപ ഭീതി അകലുന്നുവെന്ന നിഗമനത്തില്‍ ആരോഗ്യവകുപ്പ് എത്തിയത്.
ചത്തുകിടന്ന വവ്വാലുകള്‍ രോഗലക്ഷണങ്ങള്‍ കണ്ട ആടുകള്‍ എന്നിവയുടെ സാമ്പിളുകളാണ് ഭോപ്പാലില്‍ പരിശോധിച്ചത്. പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് വിദഗ്ധര്‍ നടത്തുന്ന പഴംതീനി വവ്വാലുകളിലെ പരിശോധന മേഖലയില്‍ തുടരുന്നുണ്ട്. ഇവയുടെ പരിശോധനയില്‍ നിപാ ബാധയുണ്ടോ എന്ന് കൂടി പരിശോധിക്കേണ്ടതുണ്ട്.
മൃഗസംരക്ഷണ വകുപ്പ് പരിശോധിച്ച സാമ്പിളുകള്‍ നെഗറ്റീവ് ആണെന്നത് ആശ്വാസം പകരുമ്പോഴും രോഗബാധ എവിടെനിന്നാണ് എന്നതിലെ ആശങ്ക തുടരുന്നുണ്ട്.
Discussion about this post