തിരുവനന്തപുരം: പോത്തൻകോട് യുവതിയെ പാറക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പ്ലാമൂട് സ്വദേശി മിഥുന ( 22 )യാണ് മരിച്ചത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. മിഥുനയുടെ ഭര്‍ത്താവ് സൂരജ് അഞ്ച് ദിവസം മുൻപ് വാഹനാപകടത്തില്‍ മരിച്ചിരുന്നു.
കഴിഞ്ഞ ഞായറാഴ്ചയാണ് തിരുവനന്തപുരം മുട്ടത്തറയിലുണ്ടായ വാഹനാപകടത്തിൽ സൂരജ് മരിച്ചത്. നഴ്സിംഗ് വിദ്യാർത്ഥിനിയായ മിഥുനയെ ക്ലാസിൽ കൊണ്ടാക്കി തിരികെ വരുന്ന വഴി സൂരജിൻ്റെ ബൈക്കിൽ കാറിടിച്ചായിരുന്നു അപകടം. സൂരജിൻ്റെ മരണശേഷം ആകെ തകർന്ന നിലയിലായിരുന്നു മിഥുനയെന്ന് ബന്ധുക്കൾ പറയുന്നു. ഇന്ന് പുലച്ചെ രണ്ട് മണിയോടെയാണ് ഭർത്താവിൻ്റെ വീട്ടിൽ നിന്നും മിഥുനയെ കാണാതായത്. തുടർന്ന് നടത്തിയ തെരച്ചിലിനൊടുവിൽ സമീപത്തെ പാറക്കെട്ടിൽ നിന്നും മൃതദേഹം കണ്ടെത്തുകയായിരുന്നു.
ഏഴ് മാസം മുൻപായിരുന്നു ഇരുവരുടേയും വിവാഹം. പ്രണയവിവാഹമായിരുന്നു ഇവരുടേത്. പോസ്റ്റ്മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജിലെത്തിച്ച മിഥുനയുടെ മൃതദേഹം നടപടികൾ പൂർത്തിയാക്കിയ ശേഷം സ്വദേശമായ മുരിക്കുംപുഴയിലെ വീട്ടിലേക്ക് കൊണ്ടു പോകും.
Discussion about this post