അഹമ്മദാബാദ്: ശനിയാഴ്ച വിജയ് രൂപാണി മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതിനെ തുടർന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേലിനെ തിരഞ്ഞെടുത്തു. ഞായറാഴ്ച ചേർന്ന ബിജെപി എംഎല്‍എമാരുടെ യോഗത്തിനു ശേഷം കേന്ദ്ര മന്ത്രി നരേന്ദ്ര സിങ് തോമര്‍ ആണ് അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് തിരഞ്ഞെടുത്തതായി പ്രഖ്യാപിച്ചത്. സെപ്റ്റംബര്‍ 13ന് പുതിയ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ നടക്കും.
മുന്‍ മുഖ്യമന്ത്രി ആനന്ദിബന്‍ പട്ടേല്‍ വിജയിച്ചിരുന്ന മണ്ഡലമായ ഘട്‌ലോദിയ നിന്നുള്ള എംഎല്‍എയാണ് ഭൂപേന്ദ്ര പട്ടേല്‍. 1.1 ലക്ഷം വോട്ടുകള്‍ക്കാണ് അദ്ദേഹം വിജയിച്ചത്. നേരത്തെ അഹമ്മദാബാദ് അര്‍ബന്‍ ഡവലപ്‌മെന്റ് അതോറിറ്റി ചെയര്‍മാനായിരുന്നു.
ബി.ജെ.പി. ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശത്തെത്തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി രാജിവെച്ചത്. നിയമസഭാ തിരഞ്ഞെടുപ്പിന് ഒരു വര്‍ഷം ബാക്കിയിരിക്കേ അപ്രതീക്ഷിതമായിരുന്നു രാജി.











