പാലക്കാട്: ആയുർവേദ ഫാർമസിയുടെ മറവിൽ സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ച് നടത്തിയ കേസിൽ മുഖ്യപ്രതി അറസ്റ്റിൽ. കോഴിക്കോട് സ്വദേശി മെയ്തീൻ കോയ ആണ് അറസ്റ്റിലായത്. കോഴിക്കോട് നിന്നും പിടികൂടിയ ഇയാളെ പാലക്കാട് എത്തിച്ചു.
കുഴൽമന്ദം സ്വദേശി ഹുസൈന്റെ ഉടമസ്ഥതയിലുള്ള ആയുർവേദ ഫാർമസിയുടെ മറവിലാണ് ടെലിഫോൺ എക്‌സ്‌ചേഞ്ച് പ്രവർത്തിച്ചിരുന്നത്. ഫാർമസിയുടെ മറവിൽ സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ച് പ്രവർത്തിക്കുന്നതായി രഹസ്യവിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് നടത്തിയ പരിശോധനയിൽ ടെലിഫോൺ എക്സ്ചേഞ്ച് കണ്ടെത്തിയിരുന്നു.
അന്യസംസ്ഥാനങ്ങളിൽ നിന്നും സിം കാർഡുകൾ എത്തിച്ചായിരുന്നു പ്രതികൾ ടെലിഫോൺ എക്‌സ്‌ചേഞ്ച് പ്രവർത്തിപ്പിച്ചിരുന്നത്. പരിശോധനയിൽ പോലീസ് ഇവ പിടിച്ചെടുത്തിട്ടുണ്ട്. എട്ട് ഉപയോഗിക്കാത്ത സിം കാർഡുകളും, 32 ഉപയോഗിച്ച സിം കാർഡുകളുമാണ് കണ്ടെത്തിയത്.
Discussion about this post