തൃശൂർ: ലൈസൻസില്ലാത്ത തോക്ക് കൈവശം വച്ചതിനു വിയ്യൂർ സെൻട്രൽ ജയിലിൽ ശിക്ഷയിൽ കഴിയുന്ന തടവുകാരൻ 5 മാസത്തിനിടെ പുറത്തേക്കു വിളിച്ചത് രണ്ടായിരത്തിലധികം തവണ. ഫോൺ നമ്പർ പരിശോധിച്ച ശേഷം ഇരിങ്ങാലക്കുട പൊലീസ് ഒന്നര വർഷം മുൻപു കോടതിയിൽ സമർപ്പിച്ച രഹസ്യ റിപ്പോർട്ടിലാണ് ഈ വിവരം. റിപ്പോർട്ടിന്റെ ഉള്ളടക്കം ഇപ്പോഴാണു പുറത്തുവരുന്നത്. വിയ്യൂർ പാടൂക്കാട്ടെ മൊബൈൽ ടവറിൽ നിന്നാണു വിളികൾ പോയതെന്നും റിപ്പോർട്ടിലുണ്ട്. മാള സ്വദേശിയായ വ്യാപാരിയെ ഭീഷണിപ്പെടുത്തി 25 ലക്ഷം തട്ടാനുള്ള ക്വട്ടേഷനായിരുന്നു വിളികളിൽ പ്രധാനം.
തിരുവനന്തപുരം വെഞ്ഞാറമൂട് ഗീതാലയത്തിൽ രാജീവ് എന്ന തടവുകാരന്റേതാണ് കേസിലുൾപ്പെട്ട ഫോൺ. അനധികൃതമായി തോക്ക് കൈവശം വച്ചതിനൊപ്പം ഒരു പീഡനക്കേസിലും പ്രതിയാണു രാജീവ്. സെൻട്രൽ ജയിലിൽ നിന്നു രാജീവ് തന്നെ ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തുകയാണെന്നു കാട്ടി മാള സ്വദേശി ജോഷി പെരേപ്പാടൻ പൊലീസിനു പരാതി നൽകിയിരുന്നു. 25 ലക്ഷം രൂപ നൽകിയില്ലെങ്കിൽ കുട്ടിയെ തട്ടിക്കൊണ്ടു പോകുമെന്നായിരുന്നു ഭീഷണി. 6 വ്യത്യസ്ത നമ്പറുകളിൽ നിന്നു ജോഷിയുടെ ഫോണിലേക്കു ജയിലിൽനിന്നു വിളികളെത്തി. ഇതിൽ 2 നമ്പറുകൾ ജയിൽ ജീവനക്കാരുടേതാണെന്നു സൂചനയുണ്ട്.
കേസെടുത്ത ശേഷം ഈ മൊബൈൽ നമ്പറുകളിൽ നിന്നുള്ള ഫോൺവിളിയുടെ വിശദാംശങ്ങൾ പൊലീസ് ചികഞ്ഞപ്പോഴാണ് 5 മാസത്തിനിടെ മാത്രം 2000ലേറെ വിളികൾ പുറത്തേക്കു പോയതായി കണ്ടത്. ഇതു വ്യക്തമാക്കി കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. എന്നാൽ, കുറ്റപത്രം സമർപ്പിച്ചപ്പോൾ രാജീവിനെതിരെ കാര്യമായ പരാമർശങ്ങളുണ്ടായില്ല. ജയിലിലെ ഫോൺവിളി വേണ്ടവിധം അന്വേഷിച്ചതുമില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി പരാതിക്കാരൻ വീണ്ടും കോടതിയെ സമീപിച്ചപ്പോൾ പുനരന്വേഷണത്തിന് ഉത്തരവിറങ്ങിയെങ്കിലും നടപ്പായിട്ടില്ല.
Discussion about this post