കോട്ടയം :കേരളത്തിലെ ആദ്യത്തെ ക്യാൻസർ ചികിത്സകരിൽ ഒരാളായ ഡോ. സി പി മാത്യു അന്തരിച്ചു . 92 വയസ്സായിരുന്നു. കോട്ടയം ചങ്ങനാശ്ശേരി തുരുത്തിയിലെ സ്വവസതിയിൽ വച്ചാണ് ദേഹവിയോഗമുണ്ടായത്. അടുത്ത നാൾ വരെ അദ്ദേഹം ചികിത്സാ രംഗത്ത് സജീവമായിരുന്നു. കഴിഞ്ഞ ആഴ്ചയും രോഗികളെ പരിശോധിച്ചിരുന്നു.
മദ്രാസ് മെഡിക്കൽ കോളേജിൽ നിന്ന് എം ബി ബി എസ് ബിരുദവും റേഡിയേഷൻ ചികിത്സയിൽ ബിരുദാനന്തര ഡിപ്ലോമയും നേടിയ അദ്ദേഹം 1954 ൽ സർക്കാർ സർവീസിൽ പ്രവേശിച്ചു. സർവീസിലിരുന്ന് തന്നെ സർജറിയിൽ എം എസ് ബിരുദവും നേടി.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സർവീസിരിക്കുമ്പോൾ തന്നെ ക്യാൻസർ ചികിത്സയിൽ ഏറെ പ്രശസ്തനായ ഭിഷഗ്വരനായി പ്രശസ്തി നേടിയിരുന്നു. ശസ്ത്രക്രീയാ വൈദഗ്ധ്യവും റേഡിയേഷൻ ചികിത്സയിലെ അന്നത്തെ ഏറ്റവും വലിയ സാങ്കേതിക വിദ്യയും ഉപയോഗിച്ച് റേഡിയേഷൻ സൂചികൾ ഉപയോഗിച്ച് കാൻസർ ചികിത്സിക്കുന്ന ബ്രാക്കിതെറാപ്പി എന്ന ചികിത്സാ രീതി ഇന്ത്യയിൽ തന്നെ ആദ്യമായി നടത്തിയത് അദ്ദേഹമാണ്. തിരുവനന്തപുരം റീജിയണൽ കാൻസർ സെൻ്ററിൻ്റെ സ്ഥാപനത്തിൽ വലിയ പങ്ക് വഹിച്ചവരിൽ ഒരാളും അദ്ദേഹമായിരുന്നു.
പിന്നീട് കോട്ടയം മെഡിക്കൽ കോളേജിന്റെ വൈസ് പ്രിൻസിപ്പലായും അവിടത്തെ ഓങ്കോളജി വിഭാഗത്തിൻ്റെ മേധാവിയുമായി പ്രവർത്തിച്ചിട്ടുണ്ട്. ഇത് കൂടാതെ തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് മെഡിക്കൽ കോളേജുകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സർക്കാർ സർവീസിൽ നിന്ന് വിരമിച്ചതിന് ശേഷം മഹാത്മാഗാന്ധി സർവകലാശാലയുടെ (ഇപ്പോൾ ആരോഗ്യ സർവകലാശാലയ്ക്ക് കീഴിലാണ് ഈ സ്ഥാപനം) സ്കൂൾ ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിലെ റേഡിയോളജി വിഭാഗം തലവനായും സേവനമനുഷ്ഠിച്ചു. റേഡിയേഷനും കീമോതെറാപ്പിയും ഒരുമിച്ച് നൽകി ഗർഭാശയഗള കാൻസർ ചികിത്സിക്കുന്ന പ്രോട്ടോകോൾ ലോകത്താദ്യമായി വികസിപ്പിച്ചത് അദ്ദേഹമാണ്. കോട്ടയം മെഡിക്കൽ കോളേജിൽ സർവീസിലിരിക്കുമ്പോഴാണ് അദ്ദേഹം ഈ ചികിത്സാ പദ്ധതി വികസിപ്പിച്ചെടുത്തത്.
കേരളത്തിലും ഇന്ത്യയിലും അന്താരാഷ്ട്ര തലത്തിലും പ്രശസ്തരായ അനേകം ഡോക്ടർമാരേയും ഭിഷഗ്വരരേയും ചികിത്സകരേയും പരിശീലിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.
ആധുനിക വൈദ്യശാസ്ത്രത്തിൽ പ്രവർത്തിക്കുമ്പോൾ പാരമ്പര്യ വൈദ്യശാസ്ത്രശാഖകളെ അവഗണിക്കുകയും തള്ളിപ്പറയുകയും ചെയ്യുന്നവരിൽ നിന്നും വ്യത്യസ്തനായിരുന്നു ഡോ. സി. പി മാത്യു . അദ്ദേഹം എല്ലാ വൈദ്യശാസ്ത്ര ശാഖകളേയും ചികിത്സയിൽ പ്രയോജനപ്പെടുത്തിയിരുന്നു.
ക്യാൻസർ ചികിത്സയിൽ രോഗശമനത്തിന് സിദ്ധവൈദ്യത്തിനുള്ള കഴിവ് അദ്ദേഹത്തിൻറെ ശ്രദ്ധയാകർഷിക്കുകയും അതേപ്പറ്റി ആഴത്തിൽ ഗവേഷണം നടത്തുകയും ചെയ്തിട്ടുണ്ട്. അനേകം ക്യാൻസർ രോഗികളെ ചികിത്സിച്ച് ഭേദമാക്കാൻ ആധുനിക വൈദ്യത്തോടൊപ്പം അദ്ദേഹം സിദ്ധവൈദ്യത്തെ അവലംബിച്ചു. പാരമ്പര്യ വൈദ്യശാസ്ത്ര ശാഖകളിൽ പ്രവർത്തിക്കുന്നവർക്ക് അദ്ദേഹം ഒരു വഴികാട്ടിയായിരുന്നു. സിദ്ധവൈദ്യത്തിലേയും ആയൂർവേദത്തിലേയും പാരമ്പര്യ വൈദ്യത്തിലേയും അറിയാതെ കിടന്നിരുന്ന പല ചികിത്സാരീതികളേയും ഫലപ്രദമായി അദ്ദേഹം ആധുനിക വൈദ്യത്തോടൊപ്പം ചികിത്സയിൽ പ്രയോഗിക്കുകയും ആധുനിക ചികിത്സയുടെ തന്നെ രോഗശമന സാാദ്ധ്യതകൾ അനേക മടങ്ങ് വർദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
ചങ്ങാനാശേരി താലൂക്കിലെ തുരുത്തി ഗ്രാമത്തിൽ പകലോമറ്റം കുടുംബത്തിൽ സി.എം.പോളിന്റേയും കാതറിന്റെയും മകനാണ് അദ്ദേഹം. ഭാര്യ: ബിസിഎം കോളജ് മുൻ അധ്യാപിക പരേതയായ റോസി ജേക്കബ് (വായ്പൂര് അടിപുഴ കുടുംബാംഗം). മക്കൾ: മോഹൻ, ജീവൻ, സന്തോഷ്, ഷീബ, അനില
Discussion about this post