തിരുവനന്തപുരം: സംസ്ഥാനത്ത് കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങളിൽ മലപ്പുറം ജില്ല മുന്നിലെന്ന് കണക്കുകൾ. ഈ വർഷം ഏറ്റവും കൂടുതൽ പോക്‌സോ കേസുകൾ റിപ്പോർട്ട് ചെയ്തത് മലപ്പുറത്താണ്. ജനുവരി മുതൽ ഒക്ടോബർ മൂന്നുവരെ 301 പോക്‌സോ കേസുകളാണ് ജില്ലയിലെ വിവിധ പൊലീസ് സ്‌റ്റേഷനുകളിലായി റിപ്പോർട്ട് ചെയ്തത്. കുട്ടികൾ ഇരകളായ മറ്റ് 40 കേസുകൾ കൂടിയുണ്ട്. ഇതടക്കം 384 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
മലപ്പുറം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പോക്‌സോ കേസുകൾ റിപ്പോർട്ട് ചെയ്തത് തിരുവനന്തപുരത്താണ്. കൊല്ലം, തൃശൂർ, എറണാകുളം, കോഴിക്കോട് ജില്ലകളാണ് തൊട്ട് പിന്നിൽ. സംസ്ഥാനത്ത് ആകെ 2,501 പോക്‌സോ കേസുകളാണ് ഈ വർഷം രജിസ്റ്റർ ചെയ്തിട്ടുള്ളത്. കൂടാതെ കൂട്ടികൾ ഇരകളായ 550 കേസുകളുമുണ്ട്. ഇതിൽ 992 പോക്‌സോ കേസുകളിൽ മാത്രമാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.
മലപ്പുറം ജില്ലയിലെ 600ഓളം പോക്‌സോ കേസുകൾ കോടതിയിൽ കെട്ടിക്കിടക്കുന്നുണ്ട്. വർഷം റിപ്പോർട്ട് ചെയ്ത ഒരു കേസിലും പ്രതികൾ ശിക്ഷിക്കപ്പെട്ടിട്ടില്ല. വിചാരണ നടപടികൾ നീളുന്നതാണ് കേസുകൾ തീർപ്പാക്കുന്നത് വൈകാൻ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
തിരൂർ, പെരിന്തൽമണ്ണ, മഞ്ചേരി എന്നിവിടങ്ങളിലാണ് മലപ്പുറം ജില്ലയിൽ പ്രത്യേക പോക്സോ കോടതികൾ ഉള്ളത്. മഞ്ചേരിയിലെ പോക്‌സോ കോടതിക്ക് പുറമെയാണിത്. കേസുകൾ കെട്ടിക്കിടക്കുന്നതും വെല്ലുവിളിയാകുന്നുണ്ട്.












