തിരുവനന്തപുരം: ജനിച്ച് മൂന്നാം നാള്‍ തന്റെ അടുത്ത് നിന്നും കടത്തിയ കുഞ്ഞിനെ തിരികെ ലഭിക്കാന്‍ നീതി തേടി സെക്രട്ടറിയേറ്റ് പടിക്കല്‍ നിരാഹാരം ആരംഭിച്ച് എസ്‌എഫ്‌ഐ മുന്‍ നേതാവ് അനുപമ.എസ്.ചന്ദ്രന്‍. ഭര്‍ത്താവ് അജിത്തിനൊപ്പമാണ് അനുപമയുടെ സമരം. ഏപ്രില്‍ മാസത്തില്‍ പൊലീസിലും മറ്റ് സര്‍ക്കാര്‍ സംവിധാനങ്ങളിലും പരാതി നല്‍കിയിട്ടും ആറ് മാസത്തിന് ശേഷവും ഫലമില്ലാതെ വന്നതോടെയാണ് തന്റെ കുഞ്ഞിന് വേണ്ടി അനുപമ നിരാഹാര സമരം ആരംഭിച്ചത്. സമരം പ്രഖ്യാപിച്ച അനുപമയോട് ഇന്ന് രാവിലെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വിളിച്ച് സമരത്തില്‍ നിന്നും പിന്മാറാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അനുപമ സമരം എന്ന തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു.
എല്ലാ തലത്തിലും പരാതി നല്‍കിയിട്ടും ഫലമില്ലാതെ വന്നതോടെയാണ് സമരത്തിന് പുറപ്പെട്ടതെന്ന് അനുപമ പറഞ്ഞു.’ഇനി വേറൊരാള്‍ക്കും ഇങ്ങനെ വരരുത്. എനിക്ക് കിട്ടേണ്ട നീതി കിട്ടണം.’ അനുപമ പറഞ്ഞു. മുന്‍പ് പരുക്കനായി സംസാരിച്ചവരും ഒറ്റവാക്കില്‍ നിഷേധിച്ചവരും ഇന്ന് തനിക്ക് പിന്തുണ പ്രഖ്യാപിച്ചു. സിപിഎം ആക്‌ടിംഗ് സെക്രട്ടറി എ.വിജയരാഘവനെ നേരിട്ട് എകെജി സെന്ററില്‍ പോയി കണ്ടതുള്‍പ്പടെ രണ്ടു തവണ പരാതി നല്‍കി. കുഞ്ഞിന് വേണ്ടി കോടതിയ്‌ക്ക് മാത്രമേ എന്തെങ്കിലും ചെയ്യാനാകൂ. വനിതാ കമ്മീഷന്‍ വരെ പോയപ്പോഴും കുഞ്ഞിനെ തിരികെ കിട്ടില്ല എന്നാണ് മുന്‍പ് പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ തനിക്ക് പ്രതീക്ഷയുണ്ടെന്ന് അനുപമ പറഞ്ഞു. അതേസമയം വൃന്ദാ കാരാട്ട് ഉള്‍പ്പടെ കൂടുതല്‍ സിപിഎം നേതാക്കള്‍ അനുപമയ്‌ക്കൊപ്പമാണെന്ന് പരസ്യ നിലപാട് അറിയിച്ചിട്ടുണ്ട്.
2020 ഒക്‌ടോബര്‍ 19നും 25നുമിടയില്‍ ലഭിച്ച കുട്ടികളുടെ വിവരം നല്‍കണമെന്ന് ശിശുക്ഷേമ സമിതിയോട് പൊലീസ് ആവശ്യപ്പെട്ടു. സംഭവത്തില്‍ ഇപ്പോള്‍ പൊലീസ് ഉന്നതതല യോഗം ചേരുകയാണ്. കേസന്വേഷണം കര്‍ശനമാക്കാനാണ് പൊലീസ് തീരുമാനം.
Discussion about this post