ശ്രീനഗർ: ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷമുള്ള ആദ്യത്തെ മഹാറാലിയെ അഭിസംബോധന ചെയ്യാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തയ്യാറായി. ത്രിദിന സന്ദർശനത്തിനായി ശനിയാഴ്ച അദ്ദേഹം ജമ്മു കശ്മീരിലെത്തി. താഴ്വരയിലെ സുരക്ഷാ ക്രമീകരണങ്ങൾ അദ്ദേഹം വിലയിരുത്തി.
ഭീകരാക്രമണങ്ങൾക്ക് ഇരയായവരുടെ കുടുംബങ്ങളെ സന്ദർശിച്ച അമിത് ഷാ, അക്രമികൾക്കെതിരെ ശക്തമായ നടപടി ഉറപ്പ് നൽകി. ജമ്മു കശ്മീരിന് പുറത്ത് നിന്നുള്ളവരെ തെരഞ്ഞു പിടിച്ച് കൊല്ലുന്ന സംഭവങ്ങൾ ആവർത്തിക്കുന്ന പശ്ചാത്തലത്തിലാണ് അമിത് ഷായുടെ കശ്മീർ സന്ദർശനം. ശ്രീനഗറിലെ യുവജനങ്ങളുമായും അദ്ദേഹം സംവദിച്ചു.
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കാനിടയായ സാഹചര്യം അമിത് ഷാ യുവാക്കളോട് വിശദീകരിച്ചു. 2019 ഓഗസ്റ്റ് 5 ചരിത്രത്തിൽ സ്വർണ ലിപികളിൽ രേഖപ്പെടുത്തേണ്ട ദിവസമാണെന്നും അദ്ദേഹം പറഞ്ഞു. കശ്മീരിൽ ഇതൊരു പുതിയ തുടക്കമാണെന്നും ഭീതിയുടെയും ഭീകരതയുടെയും ഭയപ്പാടിന്റെയും അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും കാലം കഴിഞ്ഞുവെന്നും ഇനി വരാനിരിക്കുന്നത് വികസനത്തിന്റെയും പുരോഗതിയുടെയും സഹവർത്തിത്വത്തിന്റെയും നാളുകളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post