തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രം പ്രധാനതന്ത്രി പുഴക്കര ചേന്നാസ് നാരായണന്‍ നമ്പൂതിരിപ്പാട് (70) അന്തരിച്ചു. കഴിഞ്ഞ ഒരാഴ്ചയായി തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ കൊവിഡാനന്തര ചികിത്സയിലായിരുന്നു. ശ്വാസ തടസവും രക്തത്തില്‍ ഓക്സിജന്‍റെ അളവ് കുറഞ്ഞതും മൂലം ആറുദിവസമായി വെന്‍റിലേറ്ററിലായിരുന്നു.
ഇന്നലെ രാത്രി പതിനൊന്നരയോടെയായിരുന്നു അന്ത്യം. 2013 മുതല്‍ ഗുരുവായൂര്‍ ക്ഷേത്രത്തിലെ പ്രധാനതന്ത്രിയായിരുന്നു ചേന്നാസ് നാരായണന്‍ നമ്പൂതിരിപ്പാട്. ദേവസ്വം ഭരണസമിതി അംഗവുമായിരുന്നു.
2013 ഡിസംബർ 26-ന് ചേന്നാസ് വാസുദേവൻ നമ്പൂതിരിപ്പാടിന്റെ നിര്യാണത്തെത്തുടർന്നാണ് ചേന്നാസ് മനയിലെ മുതിർന്ന അംഗമായ നാരായണൻ നമ്പൂതിരിപ്പാട് പ്രധാന തന്ത്രിയായി സ്ഥാനമേറ്റത്. 2014 ഫെബ്രുവരി 20-ന് ശ്രീലകത്തു കയറി ആദ്യപൂജ നിർവഹിച്ചു. 2021 സെപ്‌റ്റംബർ 30-ന് രാത്രി നടന്ന മേൽശാന്തി മാറ്റച്ചടങ്ങിനാണ് അവസാനമായി അദ്ദേഹം ക്ഷേത്രത്തിൽ എത്തിയത്. മേൽശാന്തി തിരഞ്ഞെടുപ്പിന് സെപ്‌റ്റംബർ 16-ന് അപേക്ഷകരുമായി കൂടിക്കാഴ്ച നടത്താനും എത്തിയിരുന്നു. സഹസ്രകലശച്ചടങ്ങുകളുടെ ആചാര്യവരണത്തിനും ഉത്സവത്തിന് സ്വർണക്കൊടിമരത്തിൽ സപ്തവർണ കൊടിക്കൂറ ഉയർത്താനും നാരായണൻ നമ്പൂതിരിപ്പാട് പതിവായി എത്തുമായിരുന്നു. കോവിഡ് കാലത്തും ക്ഷേത്രത്തിലെ ചടങ്ങുകൾ മുടങ്ങാതെ നടത്താനും ആചാരാനുഷ്ഠാനങ്ങൾക്ക് കോട്ടം സംഭവിയ്ക്കാതിരിയ്ക്കാനും അദ്ദേഹം അതീവ ശ്രദ്ധപുലർത്തി.
Discussion about this post