തിരുവനന്തപുരം: മറ്റ് സംസ്ഥാനങ്ങളേക്കാൾ ഏറ്റവും അധികം വിദ്യാഭ്യാസ, സാമൂഹിക പുരോഗതി കൈവരിച്ച കേരളത്തിലും ശൈശവ വിവാഹങ്ങള്‍ വര്‍ദ്ധിക്കുന്നുവെന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോൾ പുറത്തുവന്നു കൊണ്ടിരിക്കുന്നത്.
ശിശുക്ഷേമ വകുപ്പ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഈ വര്‍ഷം ഓഗസ്റ്റ് വരെ സംസ്ഥാനത്ത് ആകെ 45 ശൈശവ വിവാഹങ്ങള്‍ നടന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം 41 വിവാഹങ്ങളാണ് നടന്നത്. ഇത്തരത്തില്‍ ഓരോ വര്‍ഷവും ശൈശവ വിവാഹങ്ങളുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ദ്ധന ആശങ്ക വര്‍ദ്ധിപ്പിക്കുന്നുണ്ട്.
വയനാട് ജില്ലയിലാണ് ഇക്കാലയളവില്‍ കൂടുതല്‍ ശൈശവ വിവാഹം നടന്നത്. കഴിഞ്ഞ കൊല്ലം 27 ആയിരുന്നുവെങ്കില്‍ ഇപ്പോഴത് 36 ആയി ഉയര്‍ന്നിട്ടുണ്ട്. വിവാഹത്തിന്റെ എണ്ണം വര്‍ദ്ധിക്കുവെന്ന പരാതി നേരത്തെ ഉയര്‍ന്നിരുന്ന മലപ്പുറത്തെ അവസ്ഥയില്‍ മാറ്റം ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മൂന്നായിരുന്നത് ഇപ്പോള്‍ ഒന്നായി കുറഞ്ഞു. ഈ വര്‍ഷം മൂന്നു ശൈശവവിവാഹം നടന്ന ഇടുക്കിയാണ് രണ്ടാംസ്ഥാനത്ത്. കോട്ടയത്തും എറണാകുളത്തും രണ്ടു വീതവും തൃശൂരില്‍ ഒരു കല്യാണവും നടന്നു. കഴിഞ്ഞ വര്‍ഷം ആലപ്പുഴ, തൃശുര്‍ ജില്ലകളില്‍ മൂന്നു ശൈശവ വിവാഹങ്ങള്‍ നടന്നു. ഇടുക്കിയില്‍ രണ്ടും തിരുവനന്തപുരം, എറണാകുളം, പാലക്കാട് ജില്ലകളില്‍ ഓരോ കല്യാണവും നടന്നു.
Discussion about this post