കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ സൗരക്കൊടുങ്കാറ്റ് ഇരുപത് മണിക്കൂർ വരെ നീണ്ടു നിന്നതായി ബഹിരാകാശ ശാസ്ത്രജ്ഞർ. ഇതിന്റെ ഫലമായി സൂര്യനിൽ നിന്നും വലിയ തോതിൽ ദ്രവ്യ പ്രവാഹമുണ്ടായി. സൂര്യനിൽ നിന്നുള്ള ഊർജ്ജ പ്രവാഹം ഭൂമിയുടെ കാന്തിക വലയത്തിൽ പ്രവേശിച്ചതോടെ ധ്രുവപ്രദേശങ്ങളിൽ നയന മനോഹരമായ ധ്രുവദീപ്തികൾ ദൃശ്യമായി.
സൗരക്കൊടുങ്കാറ്റിന്റെ പ്രതിഫലനങ്ങൾ ലോസ് ആഞ്ചലസിൽ വരെ അനുഭവപ്പെട്ടതായി സ്പേസ് വെതർ ഡോട്ട് കോം അറിയിച്ചു. ഇത്തവണത്തെ ശക്തമായ സൗരക്കൊടുങ്കാറ്റിൽ കാന്തിക തരംഗങ്ങളുടെയും പ്ലാസ്മയുടെയും അതിപ്രസരമുണ്ടായിരുന്നു. ഇതിന്റെ ഫലമായാണ് വർണശബളമായ ധ്രുവദീപ്തികൾ ഉണ്ടായതെന്നും ശാസ്ത്രജ്ഞർ പറഞ്ഞു.
കഴിഞ്ഞ ഒരാഴ്ചക്കാലമായി സൂര്യൻ തുടർച്ചയായി സജീവമായിരുന്നു. ഇതിനാലാണ് ശക്തമായ സൗരക്കൊടുങ്കാറ്റുകൾ സൗരഗ്രഹങ്ങളിലേക്ക് പ്രവഹിച്ചത്. സൗരക്കൊടുങ്കാറ്റിന്റെ ഫലമായി പവർ ഗ്രിഡുകളിൽ വോൾട്ടേജ് വ്യതിയാനമുണ്ടാകാനും ഉപഗ്രഹ നാവിഗേഷൻ സംവിധാനങ്ങൾ തകരാറിലാകാനും റേഡിയോ സിഗ്നലുകൾ തടസ്സപ്പെടാനും സാധ്യതയുള്ളതായി മുന്നറിയിപ്പുണ്ടായിരുന്നു
Discussion about this post