തിരുവനന്തപുരം: കാസർകോട്-തിരുവനന്തപുരം സെമി ഹൈസ്പീഡ് റെയിൽവേ പദ്ധതിയായ കെ-റെയിൽ കേരളത്തിന് സാമ്പത്തികമായും പാരിസ്ഥിതികമായും ദുരന്തമാകുമെന്ന് പ്രമുഖ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ.
ഇതിനായി പ്രത്യേകപാത നിർമ്മിക്കുമ്പോൾ കുന്നുകൾക്കും പുഴകൾക്കും വയലുകൾക്കും സ്വാഭാവിക നാശമുണ്ടാകും. പ്രകൃതിദുരന്തങ്ങളുണ്ടാകുന്ന കേരളത്തിൽ അതിന്റെ ആധിക്യം കൂട്ടാനേ ഇത്തരം പദ്ധതികൾ സഹായിക്കൂവെന്ന് തിരുവനന്തപുരം പ്രസ്‌ക്ലബ്ബിന്റെ മീറ്റ് ദി പ്രസ് പരിപാടിയിൽ പ്രശാന്ത് ഭൂഷൺ പറഞ്ഞു.
‘ഒരുലക്ഷം കോടി രൂപയാണ് കെ-റെയിലിന് ചെലവു കണക്കാക്കുന്നത്. ജപ്പാൻ ഏജൻസിയിൽനിന്ന് പലിശരഹിത വായ്പ കിട്ടുമെന്നാണ് സർക്കാർ പറയുന്നത്. പക്ഷേ, പണപ്പെരുപ്പത്തിന്റെ തോതനുസരിച്ച് അഞ്ചുശതമാനമെങ്കിലും ഓരോ വർഷം കേരളം അധികം നൽകേണ്ടി വരും. ഇതുണ്ടാക്കുന്ന സാമ്പത്തികാഘാതം കാണാതെ പോകരുത്. നിലവിലുള്ള പാത വികസിപ്പിച്ച് 100-150 കിലോമീറ്ററിൽ പോകാവുന്ന തീവണ്ടികൾ കൊണ്ടു വരാവുന്നതേയുള്ളൂ. അത് പരിസ്ഥിതി ആഘാതവും സാമ്പത്തിക ആഘാതവും കുറയ്ക്കുമെന്നും പ്രശാന്ത് ഭൂഷൺ പറഞ്ഞു.
വൻപദ്ധതികളെല്ലാം കേരളത്തിന്റെ പരിസ്ഥിതിയെ തകർക്കുന്നതാണ്. വിഴിഞ്ഞം പദ്ധതി ഉദാഹരണമാണ്. തീരദേശത്തിന്റെ പരിസ്ഥിതി കവചം അതില്ലാതാക്കി. കേന്ദ്രസർക്കാർ പരിസ്ഥിതി സംരക്ഷണ ചട്ടങ്ങൾ ഓരോ ദിവസവും ദുർബലപ്പെടുത്തുകയാണ്’ -അദ്ദേഹം പറഞ്ഞു.
Discussion about this post