കണ്ണൂര്‍: മാവോവാദി സംഘടനയുമായി ബന്ധമുള്ള തമിഴ്നാട് സ്വദേശിയെ കണ്ണൂരില്‍ പിടികൂടി. തമിഴ്നാട് സ്വദേശി രാഘവേന്ദ്ര എന്ന യുവാവിനെയാണ് കണ്ണൂര്‍ പാപ്പിനിശ്ശേരിയില്‍ വെച്ച് പൊലീസ് പിടികൂടിയത്. ഗൗതം, രവി മുരുകേഷ് എന്നീ പേരുകളിലും ഇയാൾ അറിയപ്പെടുന്നു. മലപ്പുറം എടക്കര പൊലീസ് സ്റ്റേഷനില്‍ 2017 സെപ്റ്റംബറില്‍ രജിസ്റ്റര്‍ ചെയ്ത തീവ്രവാദ കേസില്‍ പ്രതിയാണ് ഇയാൾ എന്ന് സിറ്റി പൊലീസ് കമ്മീഷണർ ആര്‍. ഇളങ്കോ അറിയിച്ചു.
കേരള തീവ്രവാദ വിരുദ്ധ സ്ക്വാഡ് അന്വേഷണം നടത്തിയിരുന്ന കേസ് ഒരു മാസം മുമ്പാണ് എന്‍.ഐ.എ ഏറ്റെടുത്തത്. നിലമ്പൂർ കാട്ടില്‍ ആയുധ പരിശീലനം നടത്തുകയും മാവോവാദി ദിനം ആചരിക്കുകയും ചെയ്ത സംഭവത്തിലും ഇയാള്‍ പ്രതിയാണ്. തണ്ടര്‍ബോള്‍ട്ട് സേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട വേല്‍മുരുകന്‍, കുപ്പു, ദേവരാജ്, അജിത എന്നിവരടക്കം 19 പേരാണ് കേസിലെ മറ്റുപ്രതികള്‍.
കണ്ണൂരില്‍ സംശയാസ്പദമായ രീതിയില്‍ അജ്ഞാതരായ മൂന്നു പേര്‍ വാഹനത്തില്‍ സഞ്ചരിക്കുന്നുവെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് രവി മുരുകേഷിനെ പിടികൂടിയതെന്ന് കമ്മീഷണർ അറിയിച്ചു. ഇയാളുടെ യഥാര്‍ഥ പേര് രാഘവേന്ദ്രയെന്നാണ്. ഇയാളില്‍ നിന്നും രണ്ടു വ്യത്യസ്ത ഫോട്ടോയുള്ള ആധാര്‍ കാര്‍ഡ് പിടിച്ചെടുത്തു. രാഘവേന്ദ്രയുടെ കൂടെ ഒരു വയനാട് സ്വദേശിയും ഡ്രൈവറും സഞ്ചരിച്ചിട്ടുണ്ട്. അവരെ കണ്ടെത്തിയിട്ടില്ല.
ഇവര്‍ കണ്ണൂരിലെത്തിയത് ആയുധങ്ങളോ മറ്റു സാധനങ്ങളോ വാങ്ങാനാണെന്നാണ് സംശയിക്കുന്നത്. എന്നാല്‍ പൊലീസിനോട് മാവോവാദി ബന്ധം സമ്മതിച്ചതല്ലാതെ മറ്റു കാര്യങ്ങള്‍ വെളിപ്പെടുത്തിയില്ലെന്നും കമ്മീഷണർ പറഞ്ഞു. ആര്‍. ഇളങ്കോയുടെ നേതൃതവത്തിലുള്ള പൊലീസ് സംഘം ചോദ്യം ചെയ്തതിനു ശേഷം ഇയാളെ എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. എന്‍.ഐ.എ സംഘം ഇദ്ദേഹത്തെ കൊച്ചിയിലേക്ക് കൊണ്ടുപോയി.
Discussion about this post