മുതിര്‍ന്ന നേതാവ് വിഎം സുധീരനെതിരെ രൂക്ഷവിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റി. യുഡിഎഫിന്റെ തുടര്‍ ഭരണത്തെ തകര്‍ത്ത ആള്‍ തന്നെ ഇന്നത്തെ കെപിസിസി അദ്ധ്യക്ഷനെതിരെ പറയുമ്പോൾ അത് തനി കുശുമ്പ് കൊണ്ടാണെന്ന് ആളുകള്‍ക്ക് മനസ്സിലാകുന്നുണ്ട് എന്നാണു റിജില്‍ തന്റെ ഫേസ്ബുക്ക് പോസ്‌റ്റിലൂടെ വിമര്‍ശിച്ചത്.
ഈ പാര്‍ട്ടി ഒരിക്കലും രക്ഷപ്പെടാന്‍ പാടില്ലെന്ന ശകുനി മനസ്സാണ് കെപിസിസി പ്രസിഡന്റിനെതിരെ പ്രസ്താവനയുമായി സുധീരന്‍ വരുന്നതിന്റെ പിന്നിലുള്ള ലക്ഷ്യം എന്നും റിജില്‍ മാക്കുറ്റി ആരോപിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
”നാല് MLA മാര്‍ ഉള്ള കണ്ണൂരില്‍ രണ്ട് പേര്‍ ഇപ്പോഴും ഉണ്ട്. തൃശ്ശൂരില്‍ ജനിച്ച് ആലപ്പുഴയില്‍ എം പിയായി തിരുവനന്തപുരത്ത് താമസിക്കുന്ന നേതാവിന്റെ ജില്ലകളില്‍ മുന്നേ എത്ര MLA ഉണ്ടായിരുന്നു ഇപ്പോള്‍ എത്ര MLA ഉണ്ട് എന്ന് അറിഞ്ഞിട്ടാണോ കണ്ണൂരിനെ കുറിച്ച് വിമര്‍ശിക്കുന്നത്.
ഉമ്മന്‍ ചാണ്ടി സര്‍ ഭരിക്കുമ്പോൾ കെ പി സി സി അദ്ധ്യക്ഷനായ നേതാവ് ഞാന്‍ കെ പി സി സി പ്രസിഡന്റ് അല്ല പ്രതിപക്ഷ നേതാവാണെന്ന് പറഞ്ഞ് യു ഡി ഫ് സര്‍ക്കാരിനെതിരെയും കോണ്‍ഗ്രസ്സ് മന്ത്രിമാര്‍ക്ക് എതിരെ ആരോപണ ശരങ്ങള്‍ ഉന്നയിച്ച്, യു ഡി ഫ്ന്റെ തുടര്‍ ഭരണത്തെ തകര്‍ത്ത ആള്‍ തന്നെ ഇന്നത്തെ കെ പി സി സി പ്രസിഡന്റിനെതിരെ പറയുമ്പോൾ അത് തനി കുശുമ്പ് കൊണ്ടാണെന്ന് ആളുകള്‍ക്ക് മനസ്സിലാകുന്നുണ്ട്.
പാലക്കാട് എം പി ശ്രി വി കെ ശ്രീകണ്ഠന്‍ പറഞ്ഞതാണ് നൂറു ശതമാനം ശരി കെ സുധാകരനാണ് കെ പി സി സി പ്രസിഡന്റ്. അത് തന്നെയാണ് ലക്ഷകണക്കിനു വരുന്ന സാധാരണ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരും പറയുന്നത്. ചോദിക്കാനും പറയാനും ഒരു പ്രസിഡന്റ് ഉണ്ട് എന്ന ഫീലിംഗ് സാധാരണ പ്രവത്തകര്‍ക്ക് ഇപ്പോള്‍ തോന്നി തുടങ്ങിയിട്ടുണ്ട് . അവര്‍ ആവേശത്തിലാണ്. ദയവ് ചെയ്ത് അവരുടെ തീയെ കെടുത്തരുത്.
ഗുളിക കഴിക്കുന്നത് പോലെ മൂന്നു നേരം ആദര്‍ശം മാത്രം പറഞ്ഞാല്‍ പാര്‍ട്ടി വളരില്ല. പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കി സ്വന്തം ഇമേജ് വര്‍ദ്ധിപ്പിക്കാന്‍ ശ്രമിച്ചതാണ് ഈ അവസ്ഥയില്‍ എത്തിയത്. കെ പി സി സി പ്രസിഡന്റ് ആയ സമയത്ത് മന്ത്രിയായ ശ്രി കെ ബാബുവിനോട് ചെയ്ത ക്രൂരത തൃപ്പൂണിത്തുറ പോലെയുള്ള സീറ്റ് ആണ് പരാജപ്പെടുത്തിയത്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ സമയത്ത് അന്നത്തെ പ്രതിപക്ഷ നേതാവ് വി എസ് പോലും പറയാത്ത കാര്യകളാണ് അന്നത്തെ കെ പി സി സി പ്രസിഡന്റ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ സമയത്ത് കെ ബാബുവിനെതിരെ അന്ന് പറഞ്ഞത് , അത് ആരും മറന്നിട്ടില്ല.
കെ പി സി സി പ്രസിഡന്റ് പദവി ഏറ്റെടുത്ത് എല്ലാം കുളമാക്കി അവസാനം ഇട്ട് എറിഞ്ഞ് രാജിവെച്ച് പോയ ആള്‍ ഇപ്പോഴും വാര്‍ത്ത കിട്ടാന്‍ രാജി നാടകവുമായി നടക്കുകയാണ്. ഈ രാജിയൊക്കെ വെറും പ്രഹസനമാണെന്ന് നാട്ടിലുള്ളവര്‍ക്കൊക്കെ മനസ്സിലായിറ്റുണ്ട്. ഈ പാര്‍ട്ടി ഒരിക്കലും രക്ഷപ്പെടാന്‍ പാടില്ലെന്ന ശകുനി മനസ്സുള്ളവര്‍ക്ക് മാത്രമേ കെ പി സി സി പ്രസിഡന്റിനെതിരെ പ്രസ്ഥാവനയുമായി വരാന്‍ സാധിക്കുകയുള്ളൂ”.
Discussion about this post