ചെന്നൈ: ‘ജയ് ഭീം’ സിനിമയിലെ വണ്ണിയർ സമുദായത്തിനെതിരായ പരാമർശങ്ങളും രംഗങ്ങളും നീക്കണമെന്നാവശ്യപ്പെട്ട് സൂര്യയ്ക്ക് എതിരെ ‘വണ്ണിയർ സംഘം’ വക്കീൽ നോട്ടീസ് അയച്ചു. നിർമാതാക്കൾ നിരുപാധികം മാപ്പുപറയണമെന്നും അഞ്ചു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടുമാണ് നോട്ടീസ്.
സൂര്യയും ഭാര്യ ജോതികയും ഉടമസ്ഥരായ 2ഡി എൻറർടൈൻമെൻറ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പ്രൊഡക്ഷൻ യൂനിറ്റ്, ഒ.ടി.ടി ഏജൻസിയായ ആമസോൺ ഡോട്ട് ഇൻ എന്നിവർക്കാണ് നോട്ടീസ്. സിനിമക്കെതിരെ മുൻ കേന്ദ്രമന്ത്രിയും പാട്ടാളി മക്കൾ കക്ഷി നേതാവുമായ അൻപുമണി രാമദാസ് നേരത്തേ രംഗത്തെത്തിയിരുന്നു. പ്രത്യേക സാഹചര്യത്തിൽ ‘വി സ്റ്റാൻഡ് വിത്ത് സൂര്യ’ എന്ന ഹാഷ്ടാഗ് സമൂഹമാധ്യമങ്ങളിൽ ട്രെൻഡിങ്ങായിട്ടുണ്ട്.
സിനിമ യഥാർഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. എന്നാൽ രാജകണ്ണുവെന്ന ഇരുള സമുദായംഗത്തെ പീഡിപ്പിക്കുന്ന ക്രൂരനായ പൊലീസുകാരന്റെ കഥാപാത്രം വണ്ണിയർ ജാതിയിൽപ്പെട്ടയാളാണെന്ന് വ്യക്തമാവുന്ന വിധത്തിൽ ബോധപൂർവം ചിത്രീകരിച്ചതായാണ് നോട്ടീസിലെ മുഖ്യ ആരോപണം. യഥാർഥത്തിൽ ക്രിസ്ത്യാനിയായ അന്തോണിസാമിയെന്ന പൊലീസ് ഇൻസ്പെക്ടറാണ് ഇതിനു പിന്നിലെന്നും നോട്ടീസിൽ പറയുന്നു.
Discussion about this post