സ്വകാര്യ സ്ഥലങ്ങളിൽ മറ്റുള്ളവർക്കു ശല്യം ഉണ്ടാക്കാതെ മദ്യപിക്കുന്നതു കുറ്റകരമല്ലെന്ന് ഹൈക്കോടതി. മദ്യത്തിന്റെ മണം ഉണ്ടെന്നതുകൊണ്ട് മാത്രം ഒരാൾ മദ്യപിച്ചിട്ടുണ്ടെന്ന് പറയാനാവില്ല എന്നും കോടതി പറഞ്ഞു. അനധികൃത മണൽവാരൽ കേസിലെ പ്രതിയെ തിരിച്ചറിയാനായി പൊലീസ് സ്റ്റേഷനിലേയ്ക്ക് വിളിച്ചുവരുത്തിയ വില്ലേജ് അസിസ്റ്റന്റ് സലീം കുമാറിനെതിരെയുള്ള പൊലീസ് കേസ് റദ്ദാക്കിക്കൊണ്ടുള്ള ജസ്റ്റിസ് സോഫി തോമസിന്റെ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
2013 ഫെബ്രുവരി 26നായിരുന്നു സംഭവം. പ്രതിയെ തിരിച്ചറിയുന്നതിനായി ബദിയടുക്ക് പൊലീസ് കൊല്ലം സ്വദേശിയായ സലീം കുമാറിനെ സ്റ്റേഷനിലേയ്ക്ക് വിളിച്ചു വരുത്തി. പക്ഷേ സലീമിന് പ്രതിയെ തിരിച്ചറിയാൻ കഴിഞ്ഞില്ല. തുടർന്ന് മദ്യപിച്ച് ബഹളമുണ്ടാക്കി എന്നാരോപിച്ച് പൊലീസ് തനിക്കെതിരേ കള്ളക്കേസ് ചുമത്തിയെന്നാണ് സലീം നൽകിയ പരാതി. വൈദ്യപരിശോധനയും രക്തപരിശോധനയും നടത്തിയില്ലെന്നും ഹർജിയിൽ പറയുന്നു.
ഹർജിക്കാരൻ മദ്യപിച്ചു എന്ന് സമ്മതിച്ചാലും പൊലീസ് വിളിച്ചതുകൊണ്ടാണ് അയാൾ സ്റ്റേഷനിൽ എത്തിയത്. അതിനാൽ ഹർജിക്കാരൻ പൊതുസ്ഥലത്ത് മദ്യപിച്ചു ബഹളമുണ്ടാക്കിയെന്ന് പറയാൻ കഴിയില്ല. മെഡിക്കൽ പരിശോധന നടത്തിയ രേഖകളില്ല. ആൽകോമീറ്റർ ഉപയോഗിച്ചു പരിശോധിച്ചുവെന്ന് മാത്രമാണ് പറഞ്ഞിരിക്കുന്നത്. മദ്യത്തിന്റെ മണമുണ്ടെന്നത് കൊണ്ട് മാത്രം മദ്യപിച്ചിട്ടുണ്ടെന്ന് വിലയിരുത്താനാവില്ല എന്നും ജസ്റ്റിസ് സോഫി തോമസ് അഭിപ്രായപ്പെട്ടു.
പൊതുസ്ഥലത്തു മദ്യപിച്ചു ബഹളമുണ്ടാക്കുന്നതിനു ബാധകമായ കേരള പൊലീസ് നിയമത്തിലെ 118 (എ) വകുപ്പിനു വ്യാഖ്യാനിച്ചുകൊണ്ടാണ് കോടതി നടപടി. ലഹരിയുടെ ഉപയോഗിച്ച് ആത്മനിയന്ത്രണം നഷ്ടപ്പെട്ട് പൊതുസ്ഥലങ്ങളിൽ ലഹള ഉണ്ടാക്കുമ്പോഴാണ് ഈ വകുപ്പ് ബാധകമാകുന്നതെന്നും കോടതി വ്യക്തമാക്കി.
Discussion about this post