പാലക്കാട്: ആർ എസ് എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലപാതകത്തിൽ അന്വേഷണം തമിഴ്‌നാട്ടിലേക്ക് വ്യാപിപ്പിക്കും. കൃത്യം നടത്തിയ ശേഷം അക്രമികൾ രക്ഷപ്പെട്ട കാറുകളിൽ ഒരെണ്ണം തമിഴ്‌നാട്ടിലേക്ക് കടന്നുവെന്നാണ് കരുതുന്നത്. അതിനാൽ തന്നെ കോയമ്പത്തൂരിലെ എസ് ഡി പി ഐ കേന്ദ്രങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനാണ് തീരുമാനം.
കോയമ്പത്തൂരിൽ നിന്നുള്ള സംഘമാണോ കൊലപാതകം നടത്തിയതെന്ന് പരിശോധിക്കും. ഉക്കടം, കരിമ്പുടക്ക എന്നിവടങ്ങളിൽ നിന്നുള്ള സംഘമാണ് സംഭവത്തിന് പിന്നിൽ എന്ന സംശയം അന്വേഷണ ഉദ്യോഗസ്ഥർക്ക് ഉണ്ട്. കേസിൽ മൂന്നുപേരെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്. ഇന്നലെ മൂന്നുപേരെ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. ഇവർക്ക് കേസുമായി യാതൊരു ബന്ധവുമില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
ദീർഘകാലമായി ആസൂത്രണം ചെയ്ത് നടത്തിയ കൊലപാതകമാണ് ഇതെന്ന് പൊലീസ് അറിയിച്ചു. ഒന്നര മണിക്കൂറോളമാണ് സഞ്ജിത്തിനെ കൊലപ്പെടുത്താൻ പ്രതികൾ കാത്തിരുന്നത്. തിങ്കളാഴ്ച രാവിലെയാണ് സഞ്ജിത്ത് കൊല്ലപ്പെട്ടത്. 8.45ന് ദേശീയ പാതയ്ക്ക് സമീപം മമ്പറത്തു വച്ചായിരുന്നു ആക്രമണം. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ അന്വേഷണ സംഘം ശേഖരിച്ചു.













Discussion about this post