പാൽഘർ: കാർഷിക നിയമങ്ങൾ പിൻവലിച്ചെങ്കിലും സമരം തുടരുമെന്ന് ബി കെ എസ് നേതാവ് രാകേഷ് ടികായത്. സമരം അവസാനിപ്പിക്കുന്നില്ല. സമരം അവസാനിക്കാൻ പോകുന്നുവെന്ന് ആര് പറഞ്ഞു? അത് തുടരും. ഇതായിരുന്നു സമരം നിർത്തുന്നതുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യത്തോടുള്ള ടികായതിന്റെ പ്രതികരണം.
നിയമങ്ങൾ പിൻവലിച്ച സ്ഥിതിക്ക് ഇനിയും എന്തിനാണെന്ന് സമരം ചെയ്യുന്നതെന്നാണ് ടികായതിനോട് സാമൂഹിക മാധ്യമങ്ങളിൽ ചോദ്യങ്ങൾ ഉയരുന്നത്. ടികായതിന്റെ ലക്ഷ്യം കർഷക ക്ഷേമമല്ലെന്നും കേന്ദ്ര സർക്കാരിനെതിരായ രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് അദ്ദേഹം കർഷകരെ മറയാക്കുകയാണെന്നും നേരത്തെ ആരോപണങ്ങൾ ഉണ്ടായിരുന്നു. അടുത്തയിടെ തെരഞ്ഞെടുപ്പ് നടന്ന മിക്ക സംസ്ഥാനങ്ങളിലും ബിജെപി വിരുദ്ധ വേദികളിൽ ടികായതിന്റെ സാന്നിദ്ധ്യം ഉണ്ടായിരുന്നു.
കർഷക നിയമങ്ങൾ പിൻവലിച്ച സാഹചര്യത്തിൽ ഇനിയും സമരം തുടരുമെന്ന പ്രഖ്യാപനം ഡൽഹിയിൽ ഉൾപ്പെടെ പൊതുജനങ്ങൾക്കിടയിൽ അമർഷത്തിന് കാരണമാകുന്നുണ്ട്. സമരക്കാർ ഗതാഗത തടസ്സം സൃഷ്ടിക്കുന്നതും റോഡിൽ തിരക്ക് വർദ്ധിക്കുന്നതും പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. കൊവിഡ് കാലത്തെ ആൾക്കൂട്ടവും ജനങ്ങളിൽ ഭീതി സൃഷ്ടിച്ചിരുന്നു.
സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകൾ മുന്നിൽ കണ്ടാണ് ടികായത് സമരവുമായി മുന്നോട്ട് പോകുന്നതെന്ന് സാമൂഹിക മാധ്യമങ്ങളിൽ ആരോപണം ഉയരുകയാണ്. സമരം അവസാനിപ്പിക്കാൻ തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ കാത്തിരിക്കണോയെന്നും ചിലർ പരിഹസിക്കുന്നു.
Discussion about this post